കെ എസ് എഫ് ഇയിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിട്ടു. പി ടി ജോസ് ചെയര്‍മാനായ കാലയളവിലെ ഇടപാടുകളാണ് അന്വേഷിക്കുന്നത്.
ടെലിഫോണ്‍ ഉപയോഗത്തിലും സ്ഥലം വാങ്ങിയതിലും വാഹന ക്രയവിക്രയത്തിലും വന്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന ആരോപണത്തിലാണ് അന്വേഷണം. മെയ് മൂന്നിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതിയുടെ നിര്‍ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നടന്ന വന്‍ അഴിമതികള്‍ ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിയായ ഉണ്ണികൃഷ്ണന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. കട്ടപ്പനയില്‍ സഹകരണ ബാങ്കിന്റെ സ്ഥലം ലേലം തുകയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ഏറ്റെടുത്തു. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ലാഭക്കണക്കുകള്‍ ഇരട്ടിപ്പിക്കാന്‍ ചെലവുകണക്കുകള്‍ രേഖകളില്‍ നിന്ന് മറച്ചുവെച്ചു. കാലാവധിയെത്തും മുമ്പേ വാഹനങ്ങള്‍ മറിച്ചു വിറ്റതില്‍ ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമുണ്ടായത്. പുതിയ വാഹനങ്ങള്‍ വാങ്ങിയതിലും വന്‍ ക്രമക്കേടാണ് നടന്നിട്ടുള്ളതെന്നും പരാതിക്കാരന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തിട്ടും അതിന്റെ ബില്ലുകള്‍ കമ്പനി തന്നെയാണ് അടച്ചിട്ടുള്ളതെന്നും പരാതിക്കൊപ്പം സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നു. മാസത്തില്‍ 1500 രൂപയാണ് ചെയര്‍മാന്റെ ടെലിഫോണ്‍ ബില്ലിനായി അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ലക്ഷങ്ങളായിരുന്നു ചെയര്‍മാന്റെ പ്രതിമാസം ടെലിഫോണ്‍ ബില്ല്. രേഖകള്‍ പരിശോധിച്ച കോടതി മെയ് മൂന്നിനകം ഇക്കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടു.