തൃശൂര്‍ കോര്‍പ്പറേഷന്‍ ഇടതുമുന്നണിക്ക്. സി പി എമ്മിലെ അജിത ജയരാജന്‍ ആണ് തൃശൂര്‍ കോര്‍പ്പറേഷന്റെ പുതിയ മേയര്‍. 26 വോട്ട് ലഭിച്ചാണ് അജിത മേയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍, യു ഡി എഫ് സ്ഥാനാര്‍ത്ഥിയും മന്ത്രി സി എന്‍ ബാലകൃഷ്‌ണന്റെ മകളുമായ സി ബി ഗീതയ്ക്ക് 23 വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളൂ.
അതേസമയം, ബി ജെ പി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബി ജെ പിക്ക് ആറ് അംഗങ്ങളാണ് ഉള്ളത്. 55 അംഗ കൗണ്‍സിലില്‍ കേവല ഭൂരിപക്ഷത്തിന് 28 പേര്‍ വേണം. മുന്നണി സ്വതന്ത്രര്‍ ഉള്‍പ്പെടെ 25 പേരുടേയും ഒരു സ്വതന്ത്രന്റെയും വോട്ടാണ് അജിതക്ക് ലഭിച്ചത്.
കോണ്‍ഗ്രസ് വിമതരായ കുട്ടി റാഫിയേയും ജേക്കബ് പുലിക്കോട്ടിലിനേയും പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന്‍ ചൊവ്വാഴ്ച അര്‍ധരാത്രി ഡി സി സി തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇവരിരുവരും മേയര്‍ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു.
ആദ്യറൗണ്ടില്‍ ആറ് വോട്ട് നേടി ബി ജെ പിയുടെ മേയര്‍ സ്ഥാനാര്‍ഥി എം എസ് സമ്പൂര്‍ണ പുറത്തായി. തുടര്‍ന്നു നടന്ന രണ്ടാം റൗണ്ട് വോട്ടെടുപ്പില്‍ നിന്ന് പാര്‍ട്ടി പ്രതിനിധികള്‍ വിട്ടു നില്‍ക്കുകയായിരുന്നു.