മാധ്യമപ്രവര്‍ത്തകരോടു സുരേഷ് ഗോപി പെരുമാറുന്ന രീതി ആശങ്കപ്പെടുത്തുന്നതാണെന്ന് ബിജെപി ജില്ലാ നേതാക്കളില്‍ വലിയൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. മാധ്യമപ്രവര്‍ത്തകരോടു സുരേഷ് ഗോപി തട്ടിക്കയറുന്നത് സാധാരണ ജനങ്ങള്‍ക്കിടയില്‍ പോലും ചര്‍ച്ചയായിട്ടുണ്ട്. ഇത് ജില്ലയിലെ ബിജെപി അനുകൂല വോട്ടുകളില്‍ വിള്ളലേല്‍ക്കാന്‍ കാരണമായേക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.
സുരേഷ് ഗോപി മണ്ഡലത്തെ ശ്രദ്ധിക്കുന്നില്ലെന്നാണ് മറ്റൊരു പ്രധാന വിമര്‍ശനം. വലിയ വാഗ്ദാനങ്ങള്‍ നല്‍കി വോട്ട് പിടിച്ചിട്ട് നാടിനായുള്ള ഒരു വികസന പദ്ധതികളും സുരേഷ് ഗോപി ഇതുവരെ കൊണ്ടുവന്നിട്ടില്ല. ലോക്‌സഭയിലും തൃശൂരിനായി സുരേഷ് ഗോപി സംസാരിക്കുന്നത് കേട്ടിട്ടില്ല. ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തവര്‍ക്കിടയില്‍ 'സുരേഷ് ഗോപി പോരാ' എന്നൊരു സംസാരം ആരംഭിച്ചിട്ടുണ്ട്. മണ്ഡലത്തില്‍ സജീവമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിനും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും അത് ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ നിരീക്ഷണം.