John brittas vs suresh gopi: സുരേഷ് ഗോപി ഒരു നിഷ്കളങ്കൻ,മുന്നയെന്ന് പറഞ്ഞപ്പോൾ എഴുന്നേറ്റു, ജോർജ് കുര്യൻ പതുങ്ങിയിരുന്നെന്ന് ബ്രിട്ടാസ്
രാജ്യസഭയിലെ വാക്‌പോര് കേരളത്തിലെത്തിയിട്ടും വിടാതെ സുരേഷ് ഗോപി എം പിയും ജോണ്‍ ബ്രിട്ടാസും. എമ്പുരാനിലെ മുന്നയുടെ കാര്യം രാജ്യസഭയില്‍ പറഞ്ഞപ്പോള്‍ അത് തന്നെ പറ്റിയാണെന്ന് പറഞ്ഞാണ് സുരേഷ് ഗോപി പ്രതികരിച്ചതെന്നും അദ്ദേഹം ഒരു നിഷ്‌കളങ്കനായത് കൊണ്ടാകാം അങ്ങനെ തോന്നിയതെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ബ്രിട്ടാസ് പറഞ്ഞു.
രസകരമായ കാര്യം എന്തെന്നാല്‍ മുന്ന താനാണെന്ന് പറഞ്ഞാണ് സുരേഷ് ഗോപി എഴുന്നേറ്റത്. അത് സുരേഷ് ഗോപിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അദ്ദേഹം എഴുന്നേറ്റതാണ്. പ്രതിപക്ഷ നിരയിലുണ്ടായിരുന്ന ഡിഎംകെയുടെ തിരുച്ചി ശിവ, സമാജ്വാദി പാര്‍ട്ടിയുടെ രാം ഗോപാല്‍ യാദവ്, ആം ആദ്മി പാര്‍ട്ടിയുടെ സഞ്ജയ് സിങ്ങ് എന്നിവരുള്‍പ്പടെ എന്തിനാണ് എഴുന്നേറ്റതെന്ന് സുരേഷ് ഗോപിയോട് ചോദിച്ചിരുന്നു.
രാഷ്ട്രീയസംവാദങ്ങളില്‍ 30 വെള്ളിക്കാശിന് ഒറ്റുകൊടുത്ത യൂദാസിനെ പോലെ എന്നൊക്കെ പറയാറുണ്ട്. അതൊരു പ്രയോഗമാണ്. സുരേഷ് ഗോപിക്ക് പക്ഷേ അത് താനാണെന്ന് തോന്നി. താനാണ് മുന്ന, താനാണ് യൂദാസ് എന്നൊക്കെ. ജോര്‍ജ് കുര്യന് കാര്യം മനസിലായി. ബുദ്ധിപരമായി സീറ്റില്‍ പതുങ്ങിയിരുന്നു. സുരേഷ് ഗോപി ഒരു നിഷ്‌കളങ്കനായത് കൊണ്ട് വിചാരിച്ചു. അത് തന്നെ പറ്റിയാണെന്ന്. നിങ്ങളുടെ പേരൊന്നും പറഞ്ഞിട്ടില്ലല്ലോ നിങ്ങളെ കുറിച്ചാണോ എന്നൊക്കെ പ്രതിപക്ഷ നിരയില്‍ പലരും പറഞ്ഞു. എന്നിട്ടും ഏതൊക്കെയോ സിനിമകളുടെ പേരൊക്കെ പറഞ്ഞു അദ്ദേഹം എഴുന്നേല്‍ക്കുകയായിരുന്നു. 51 വെട്ടിന്റെ കാര്യമൊക്കെ പറഞ്ഞു. കേരളത്തില്‍ ഒരു സിനിമയും നിരോധിക്കണമെന്ന് ഞാനും പറയില്ല. എന്റെ പാര്‍ട്ടിയും പറയില്ല ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
സര്‍ഗാത്മകമായി നോക്കിയാല്‍ സെപ്റ്റിക് ടാങ്കില്‍ ഇടേണ്ട പല സിനിമകളും കേരളത്തില്‍ വന്നിട്ടുണ്ട്. കേരള സ്റ്റോറി ഉള്‍പ്പടെയുള്ള സിനിമകള്‍. അതിനൊക്കെ പ്രധാനമന്ത്രി അംബാസഡറായ കാര്യവും മറക്കേണ്ട. ഒരു പൂച്ചക്കുഞ്ഞ് പോലും ഇതൊന്നും കാണാന്‍ പോയില്ല എന്നത് വേറെ കാര്യം. ഈ 51 വെട്ട് ബിജെപി അവര്‍ക്ക് നിയന്ത്രണമുള്ള ചാനലില്‍ കാണിക്കട്ടെ. ബിജെപി അധ്യക്ഷന് തന്നെ നിയന്ത്രണമുള്ള ചാനലില്ലെ. അവിടെ കാണിക്കട്ടെ. എന്തിനാണ് കൈരളിയില്‍ കാണിക്കു എന്ന് പറയുന്നത്. കൈരളിക്ക് ഇത്തരം സിനിമകള്‍ കാണിക്കാനുള്ള വകതിരിവില്ലായ്മയില്ല.