സരിതയ്ക്ക് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന് തോമസ് ഐസക് സോളാര്‍ കമ്മിഷനില്‍

Webdunia
ബുധന്‍, 18 ഫെബ്രുവരി 2015 (19:34 IST)
സോളാര്‍ കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന് മുമ്പാകെ സിപിഎം എംഎല്‍എമാര്‍ മൊഴി നല്‍കി. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക്ക്, രാജു ഏബ്രഹാം എന്നിവരാണ് ജസ്റ്റിസ് ജി.ശിവരാജന്‍ മുമ്പാകെ മൊഴി നല്‍കിയത്.സരിതയ്ക്ക് മുഖ്യമന്ത്രിയുമായി  അടുപ്പമുണ്ടെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്ന് തോമസ് ഐസക് മൊഴിയില്‍ പറഞ്ഞു.  സരിത സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയനുമായി സംസാരിച്ചത് റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്നതിന്റെ വിശദാംശങ്ങള്‍ ഈ ശബ്ദരേഖയില്‍ ഉണ്ടെന്നും അദ്ദേഹം മൊഴിയില്‍ പറഞ്ഞു. ഒട്ടേറെ അശ്ലീലമായ പരാമര്‍ശങ്ങളും സരിത നടത്തിയതിനാലാണ് ടേപ്പ് ഉപയോഗിക്കേണ്ടെന്ന് തീരുമാനിച്ചെരുന്നതെന്നും മൊഴിയില്‍ പറയുന്നു.

 2013 ജൂലൈ ഒന്‍പതിനു മുഖ്യമന്ത്രിയെ സരിതക്കൊപ്പം ശ്രീധരന്‍നായര്‍ കണ്ടപ്പോള്‍ സരിത രണ്ടു ലക്ഷത്തിന്റെ ചെക്ക് കൈമാറിയതായി ശ്രീധരന്‍നായര്‍ പറഞ്ഞിരുന്നെന്നും കൂടികാഴ്ചയുടെ പിറ്റേന്ന് സരിതയുടെ സോളാര്‍ സ്ഥാപനത്തിന്റെ പേരില്‍ ഇത്തരമൊരു ചെക്ക് ലഭിച്ചതായി വിവരാവകാശ പ്രകാരം ലഭിച്ച രേഖയില്‍ പറയുന്നുണ്ടെന്നും തൊമസ് ഐസക് അറിയിച്ചു.
ഇതുകൂടാതെ മുഖ്യമന്ത്രിയെ ജൂലൈ ഒന്‍പതിനു കാണാമെന്നു സരിത ശ്രീധരന്‍നായര്‍ക്ക് ജൂലൈ അഞ്ചിന് അയച്ച ഇമെയില്‍ സന്ദേശത്തിന്റെ പകര്‍പ്പും തോമസ് ഐസക് കമ്മീഷന് നല്‍കി.മുഖ്യമന്ത്രിയുടെ ഓഫീസിലെ സി സി ടി വി ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടത് ദുരൂഹമാണെന്നും തോമസ് ഐസക് മൊഴിയില്‍ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.