മന്ത്രിസഭായോഗത്തിൽ രാജി ആവശ്യപ്പെട്ട് മന്ത്രിമാർ, തീരുമാനം വൈകരുതെന്ന് ജി സുധാകരൻ; തൽക്കാലം മാറി നിൽക്കാമെന്ന് തോമസ് ചാണ്ടി

Webdunia
ബുധന്‍, 15 നവം‌ബര്‍ 2017 (10:23 IST)
കായൽകൈയ്യേറ്റ വിവാദത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെയ്ക്കാൻ സമ്മതമാണെന്ന് തോമസ് ചാണ്ടി. തൽക്കാലം മാറി നിൽക്കാമെന്ന് ചാണ്ടി മന്ത്രിസഭായോഗത്തിൽ അറിയിച്ചു. ഉപാധികളോടെയാണ് ചാണ്ടിയുടെ രാജി. സുപ്രിംകോടതിയിൽ പോയി നീതി വാങ്ങി തിരിച്ചുവരുമെന്ന നിലപാടാണ് ചാണ്ടി സ്വീകരിച്ചിരിക്കുന്നത്.  
 
തോമസ് ചാണ്ടി ഉൾപ്പെടുന്ന മന്ത്രിസഭായോഗം അവസാനിച്ചു. ചാണ്ടി രാജിവയ്ക്കണമെന്ന ആവശ്യം മന്ത്രിസഭയിലും ഉയർന്നു. മന്ത്രിസഭായോഗത്തിൽ ഭൂരിഭാഗം മന്ത്രിമാരും ഇക്കാര്യം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ തീരുമാനം വൈകരുതെന്ന് ജി സുധാകരൻ വ്യക്തമാക്കി. 
 
ഒരു മന്ത്രിയെച്ചൊല്ലി സർക്കാർ ഒരു മാസമായി പ്രതിസന്ധിയിലാണെന്നു ജി. സുധാകരൻ പറഞ്ഞു. തോമസ് ചാണ്ടി വിചാരിച്ചാൽ ഒരു മിനിറ്റു കൊണ്ട് അത് ഒഴിവാക്കാം. തീരുമാനം വൈകരുതെന്നായിരുന്നു സുധാകരന്റെ അഭിപ്രായം. മന്ത്രി മാത്യു ടി. തോമസും സുധാകരനെ പിന്തുണച്ചു സംസാരിച്ചു. 
 
സുധാകരനും തോമസും രാജി ആവശ്യപ്പെട്ടപ്പോൾ 'എല്ലാവർക്കും ഒരേ അഭിപ്രായമാണോ' എന്നു മുഖ്യമന്ത്രി ചോദിച്ചെങ്കിലും മന്ത്രിമാരിൽ പലരും അഭിപ്രായം വ്യക്തമാക്കിയില്ല. ഇതിനിടയിലാണ
മന്ത്രിസഭയിൽനിന്നു തൽക്കാലം മാറിനിൽക്കാമെന്ന് തോമസ് ചാണ്ടി അറിയിച്ചത്. സിപിഐ മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കാതിരുന്ന സാഹചര്യത്തിലാണ് ചാണ്ടി നിലപാട് അറിയിച്ചത്. 
 
ചാണ്ടിയുടെ രാജി അല്ലാതെ മറ്റൊരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് സിപിഐ വ്യക്തമാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് നാല് സിപിഐ മന്ത്രിമാർറ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്തു. മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ ചാണ്ടിയുടെ രാജികാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article