തോമസ് ചാണ്ടി വിഷയത്തിൽ തക്കസമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തോമസ് ചാണ്ടി നൽകിയ ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ എൻസിപിയുടെ തീരുമാനം എന്താണെന്ന് അറിയേണ്ടതുണ്ട്. കോടതി വിധിയുടെ വിശദാംശങ്ങളും എൻസിപിയുടെ നിലപാടും വിലയിരുത്തിയ ശേഷം ഉചിതമായ തീരുമാനമുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഷയത്തില്‍ എന്തു തീരുമാനമെടുക്കണമെന്ന കാര്യത്തിൽ ചാണ്ടി പങ്കെടുത്ത എൽഡിഎഫ് ആലോചിച്ചിരുന്നു. മുഖ്യമന്ത്രിയെന്ന നിലയിൽ പ്രശ്നങ്ങൾ പരിശോധിച്ചു തീരുമാനമെടുക്കണമെന്നും തീരുമാനിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹൈക്കോടതി വിധിയുടെ വിശദാംശങ്ങൾ ലഭിക്കേണ്ടതുണ്ട്. രണ്ട് ജഡ്ജിമാരാണ് വിധി പറഞ്ഞത്. വിധിയുടെ വിശദാംശങ്ങൾ ലഭിക്കുന്ന മുറയ്ക്കും എൻസിപിയുടെ തീരുമാനം അറിഞ്ഞ ശേഷവും തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.