തോമസ് ചാണ്ടി മന്ത്രിയാകും, സത്യപ്രതിഞ്ജ നാളെ വൈകിട്ട്; ആവശ്യം അംഗീകരിച്ച് എൽ ഡി എഫ്

Webdunia
വെള്ളി, 31 മാര്‍ച്ച് 2017 (11:47 IST)
തോമസ് ചാണ്ടി എൻ സി പിയുടെ പുതിയ മന്ത്രിയാകും. എൻ സി പിയുടെ ആവശ്യം എൽ ഡി എഫ് അംഗീകരിച്ചു. നാളെ വൈകിട്ട് സത്യപ്രതിഞ്ജ ചെയ്ത് തോമസ് ചാണ്ടി ഗതാഗത മന്ത്രിയായി അധികാരമേൽക്കും. ഇന്ന് ചേർന്ന എൽ ഡി എഫ് യോഗത്തിലാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിരിക്കുന്നത്.
 
തോമസ് ചാണ്ടിയെ മന്ത്രിയാക്കണം എന്ന് വ്യക്തമാക്കുന്ന കത്ത് മുഖ്യമന്ത്രിയ്ക്ക് നൽകിയിരുന്നു. ലൈംഗിക ചുവയുള്ള ഫോൺ സംഭാഷണം പു‌റത്തുവന്ന സാഹചര്യത്തിൽ എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവെച്ചതോടെയാണ് എൻ സി പി പുതിയ മന്ത്രിയ്ക്കായി ചർച്ചകൾ നടത്തിയത്. പുതിയ മന്ത്രി ആരാകുമെന്ന കാര്യത്തിൽ പാർട്ടിയിൽ ആശയക്കുഴപ്പം നിലനിന്നെങ്കിലും ഒടുവിൽ തോമസ് ചാണ്ടിയെ തന്നെ മന്ത്രിയാക്കാമെന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു.  
 
മംഗളം ചാനല്‍ മാര്‍ച്ച് 26 ഞായറാഴ്ച അവരുടെ ലോഞ്ചിങ്ങിനോട് അനുബന്ധിച്ച് പുറത്തുവിട്ട ലൈംഗിക ചുവയുളള ടെലിഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് ഗതാഗത മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്‍ രാജിവെക്കുന്നത്. രാവിലെ വാര്‍ത്ത വന്നതിന് പിന്നാലെ മൂന്ന് മണിയ്ക്ക് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപനം നടന്നത്.
Next Article