രാത്രിയിലെത്തുന്ന സന്ദര്‍ശകര്‍, മന്ത്രവാദത്തിന്റെ സൂചന നല്‍കുന്ന ഭയപ്പെടുത്തുന്ന വീടും ചുറ്റുപാടും; വണപ്പുറം കൂട്ടക്കൊലയില്‍ ദുരൂഹതയേറുന്നു

Webdunia
വ്യാഴം, 2 ഓഗസ്റ്റ് 2018 (15:57 IST)
തൊടുപുഴ കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ ദുരൂഹതയേറുന്നു. കുടുംബത്തിലെ സ്വത്തുതർക്കമാണ് കൂട്ടക്കൊലയ്‌ക്ക് കാരണമായതെന്ന ആരോപണം നിലനില്‍ക്കുമ്പോള്‍ തന്നെ ആഭിചാര കര്‍മ്മങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉയരുന്നത് പൊലീസിനെ വലയ്‌ക്കുന്നു.

വണപ്പുറം കമ്പകക്കാനത്ത് കാനാട്ട് വീട്ടിൽ കൃഷ്ണൻ (52), ഭാര്യ സുശീല (50), മകൾ ആർഷ (21), മകൻ അർജുൻ (18) എന്നിവരാണ് കൊല്ലപ്പെട്ടത്. കൃഷ്‌ണന് മന്ത്രവാദവുമായി ബന്ധമുണ്ടെന്ന് സഹോദരൻ യജ്ഞേശ്വർ വ്യക്തമാക്കിയത് പൊലീസ് വിശ്വസിക്കുന്നുണ്ട്.

കൃഷ്ണന്റെയും കുടുംബത്തിന്റെയും ജീവിതരീതിയും, ദുരൂഹതകള്‍ നിറഞ്ഞ വീടും ചുറ്റുപാടുമാണ് പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്. കമ്പകക്കാനത്ത് പ്രധാന റോഡിൽനിന്നു താഴേക്കു നടപ്പാതയിലൂടെ സഞ്ചരിച്ചു വേണം കൊലനടന്ന വീട്ടിലെത്താൻ. ഒറ്റപ്പെട്ട മേഖലയാണിത്. ഒരേക്കർ സ്ഥലത്ത് റബറും കൊക്കോയും കൃഷി ചെയ്യുന്നുണ്ട്. പറമ്പിനു നടുവിലായാണു വീട്. ചുറ്റും റബറും മറ്റു മരങ്ങളും. തൊട്ടടുത്തെങ്ങും വീടുകളില്ല. അതിനാല്‍ത്തന്നെ വാഹനത്തിലെത്തുന്നവരെ കാണാനോ സംസാരിക്കാനോ നാട്ടുകാര്‍ക്ക് കഴിയില്ല. ഒച്ചവച്ചാലോ ബഹളമുണ്ടാക്കിയാലോ ആരുമറിയില്ല.

ബന്ധുക്കളുമായും നാട്ടുകാരുമായും അധികം ബന്ധം സ്ഥാപിക്കാത്തെ കൃഷ്‌ണന്‍ വീട്ടില്‍ മന്ത്രവാദമടക്കമുള്ള കാര്യങ്ങള്‍ ചെയ്‌തിരുന്നു. രാത്രിസമയങ്ങളില്‍ വാഹനങ്ങളില്‍ അപരിചിതരായ ആളുകള്‍ വീട്ടില്‍ എത്തുകയും പൂജകള്‍ നടത്തുകയും ചെയ്‌തിരുന്നു. ചിലര്‍ കൃഷ്ണന്റെ വീട്ടില്‍ താമസിച്ചിരുന്നു.

മുറികളിലേക്ക് വായു പ്രവേശിപ്പിക്കാത്ത തരത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ കറുത്ത പ്ലാസ്‌റ്റിക്ക് ഉപയോഗിച്ച് മറച്ചിരുന്നു. മന്ത്രവാദം നടത്തുന്നതിനു വേണ്ടിയുള്ള സജ്ജീകരണമായിരുന്നു ഇത്. കൂടാതെ വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തറിയാതിരിക്കാന്‍ വീട്ടുകാര്‍ പ്രത്യേകം ശ്രദ്ധിച്ചു. അതിനാല്‍ തന്നെ അയല്‍ വീടുകളില്‍ നിന്നുപോലും ആരും ഇവിടേക്ക് വരാറില്ല.

കൃഷ്ണന്‍ പത്തുമക്കളില്‍ ഒരാളാണ്. ആറ് ആണും നാലു പെണ്ണും. ആദ്യം കിള്ളിപ്പാറയിലാണു സഹോദരങ്ങൾ ഉൾപ്പെടെ താമസിച്ചിരുന്നത്. അവിടെനിന്നു മാറി കമ്പകക്കാനത്ത് എത്തിയിട്ട് 12 വർഷമായി. സഹോദരങ്ങള്‍ ഉള്‍പ്പെടയുള്ളവരുമായി പിണങ്ങിയതാണ് വീട് മാറാന്‍ കാരണം. ഭാര്യ സുശീലയും മക്കളും ഏതാനും വര്‍ഷം മുമ്പുവരെ കൃഷ്‌ണന്റെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. ഇതറിഞ്ഞ കൃഷ്ണന്‍ ഇടപെട്ട് ഈ ബന്ധവും വിലക്കി. അമ്മ മരിച്ചപ്പോള്‍പോലും കൃഷ്ണന്‍ വീട്ടിലെത്തിയില്ല.

ഇക്കാര്യങ്ങളെല്ലാം പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും മൃതദേഹങ്ങളില്‍ കണ്ട മാരക മുറിവുകളാണ് സംശയമുണ്ടാക്കുന്നത്. കൃഷ്‌ണന്‍‌കുട്ടിയേയും കുടുംബത്തെയും മുറിയില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ വീടിന് പുറത്ത് കുഴിയെടുത്ത് മൂടിയതാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വീട്ടിൽ മുമ്പ് പശുവിനെ വളർത്തിയിരുന്നു. അക്കാലത്ത് ഉപയോഗിച്ചിരുന്ന ചാണകക്കുഴിയിലാണു മൃതദേഹങ്ങൾ ഒന്നുനു മുകളില്‍ ഒന്നായി  കുഴിച്ചു മൂടിയിരുന്നത്.  

കൊല നടന്നത് വീടിനുള്ളില്‍ വെച്ചാണെന്നുള്ളതിന്റെ തെളിവാണ് മുറിക്കുള്ളിലെ രക്തക്കറ. കൃഷ്ണന്റെയും മകന്റെയും തലയിലും ശരീരത്തും മാരകമായ മുറിവേറ്റിട്ടുണ്ട്. സുശീലയുടെ ദേഹത്തും മുറിവുകളുണ്ട്. വീടിനുള്ളില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടർന്നാണു പൊലീസ് പറമ്പിൽ പരിശോധന നടത്തിയതും മൃതദേഹം പുറത്തെടുത്തതും. ഇതെല്ലാമാണ് അന്വേഷണ സംഘത്തെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article