ചികിത്സ വൈകിപ്പിച്ച് അരുണ്‍, സമ്മതപത്രം ഒപ്പിടാതെ അമ്മ; കുഞ്ഞിന്റെ മരണം തലയ്‌ക്കേറ്റ മാരകമായ ക്ഷതം മൂലം

Webdunia
ശനി, 6 ഏപ്രില്‍ 2019 (20:15 IST)
ക്രൂരമർദ്ദനമേറ്റ് തൊടുപുഴയില്‍ ഏഴ് വയസുകാരന്‍ മരിച്ചത് തലയ്‌ക്കേറ്റ മാരകമായ ക്ഷതം മൂലമാണെന്ന് പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

വെന്റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. തലച്ചോറിന്‍റെ പ്രവർത്തനം പൂർണമായി നിലച്ചിരുന്നു. സ്ഥിതി മോശമായതായി വെള്ളിയാഴ്‌ച ബന്ധുക്കളെ അറിയിച്ചിരുന്നു. ഇന്ന് രാവിലെ 11.35-നാണ് കുഞ്ഞിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി.

അതിനിടെ അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച ഏഴു വയസുകാരന്‍റെ ചികില്‍സ മനഃപൂര്‍വം വൈകിപ്പിക്കാന്‍ അമ്മയുടെ ആണ്‍‌സുഹൃത്തും പ്രതിയുമായ ആനന്ദ് ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

മദ്യലഹരിയില്‍ ആശുപത്രിയിലെ എത്തിയ പ്രതി ഡോക്ടര്‍മാരുമായി വഴക്കിടുകയും പിന്നീട് കുട്ടിക്കൊപ്പം ആംബുലന്‍സില്‍ കയറാതിരിക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. മരിച്ച കുട്ടിയുടെ അമ്മയും ആശുപത്രി അധികൃതരുടെ മുന്നറിയിപ്പുകൾ അവഗണിക്കുകയായിരുന്നെന്നാണ് ദൃശ്യങ്ങളിൽ ഉള്ളത്.

തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ച കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനെ അരുൺ എതിർക്കുകയും പൊലീസ് ഉദ്യോഗസ്ഥരും ആശുപത്രി അധികൃതരുമായി തര്‍ക്കിക്കുകയും ചെയ്‌തു.
ഒന്നര മണിക്കൂറോളമാണ് പ്രതി മദ്യലഹരിയില്‍ ആശുപത്രിയില്‍ നിലവിട്ട് പെരുമാറിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article