അറിയിപ്പ്: തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

രേണുക വേണു
ബുധന്‍, 8 ജനുവരി 2025 (11:17 IST)
സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ സമാപന ചടങ്ങുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കലോത്സവത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും വാഹനങ്ങളില്‍ വരുന്ന വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, പൊതുജനങ്ങള്‍ എന്നിവര്‍ സെക്രട്ടറിയേറ്റ് ഗേറ്റ്-2 (ആസാദ് ഗേറ്റ്) ഭാഗത്ത് വാഹനത്തില്‍ നിന്നും ഇറങ്ങിയശേഷം സ്റ്റേഡിയത്തിന്റെ തെക്കുഭാഗത്തെ ഗേറ്റ് (YMCA) വഴി സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കേണ്ടതാണ്.
 
സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന വലിയ വാഹനങ്ങള്‍ യാത്രക്കാരെ ഇറക്കിയ ശേഷം (ആസാദ്  ഗേറ്റ് ഭാഗത്ത്) ആറ്റൂകാല്‍ ക്ഷേത്ര പാര്‍ക്കിംഗ് ഗ്രൗണ്ടിലും, പൂജപ്പുര ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതും കാറുള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങള്‍ പുളിമുട് മുതല്‍ ആയൂര്‍വേദ കോളേജ് വരെയും, ആയൂര്‍വേദ കോളേജ് മുതല്‍ കുന്നുംപുറം വരെയുള്ള റോഡിലും, മാഞ്ഞാലിക്കുളം ഗ്രൗണ്ടിലും യൂണിവേഴ്‌സിറ്റി സെനറ്റ് ഹാള്‍ പരിസരത്തും, സംസ്‌കൃത കോളേജ് പാര്‍ക്കിംഗ് ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതുമാണ്.
 
ഉച്ചയ്ക്ക് രണ്ട് മുതല്‍ RBI, ബേക്കറി ജംഗ്ഷന്‍, വാന്റോസ് ഭാഗങ്ങളില്‍ നിന്നും സെക്രട്ടറിയേറ്റ് ഭാഗത്തേക്ക് വലിയ വാഹനങ്ങള്‍ അനുവദിക്കുന്നതല്ല. പ്രസ് ക്ലബ് ഭാഗത്തു നിന്നും സെക്രട്ടറിയേറ്റ് അനക്‌സിലേക്ക് പോകുന്ന വാഹനങ്ങള്‍ പ്രസ് ക്ലബ്- ഊറ്റുകുഴി - വാന്റോസ് - ജേക്കബ്‌സ് വഴി പോകേണ്ടതാണ്.
 
ഇന്ന് രാവിലെ എട്ട് മുതല്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിനും സെക്രട്ടറിയേറ്റിനും ചുറ്റും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനു നിരോധനം ഉണ്ട്. പ്രസ് ക്ലബ് മുതല്‍ വാന്റോസ് വരെയും വാന്റോസ് മുതല്‍ സെക്രട്ടറിയേറ്റ് വരെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവാദമില്ല. പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതാണ്.
 
തിരുവനന്തപുരം സിറ്റി പൊലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കേണ്ടതാണ്. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേക്ക് പൊതുജനങ്ങള്‍ക്ക് 0471 2558731, 9497930055 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article