ശബരിമലയില്‍ തീര്‍ത്ഥാടകയെ ആന കുത്തിക്കൊന്നു

Webdunia
തിങ്കള്‍, 18 ജനുവരി 2016 (15:11 IST)
തിരുവനന്തപുരത്തെ മലയിന്‍കീഴില്‍ നിന്ന് ശബരിമല മാളികപ്പുറത്ത് എഴുന്നള്ളത്തിനായി കൊണ്ടുവന്ന ആനയുടെ കുത്തേറ്റ് തീര്‍ത്ഥാടക മരിച്ചു. വര്‍ക്കല ഇലകമണ്‍ കല്ലാഴിവീട്ടില്‍ രാജന്‍റെ ഭാര്യ ബേബി(68)കാരിയാണ് ഈ ഹതഭാഗ്യ.

കഴിഞ്ഞ ദിവസം സന്ധ്യയ്ക്ക് ആറുമണിയോടെയായിരുന്നു സംഭവം. മലയിന്‍കീഴ് ദേവസ്വം വക 'വല്ലഭ' എന്ന ആന വിരണ്ടോടവേയായിരുന്നു കുത്തിക്കൊന്നത്.  ട്രാക്‍ടറിന്‍റെ ഹോണ്‍ കേട്ട് സന്നിധാനത്തുണ്ടായിരുന്ന പന്നിക്കൂട്ടം ഓടുന്നതു കണ്ടതിനെ തുടര്‍ന്ന് അരവണ പ്ളാന്‍റിനടുത്തു നിന്നിരുന്ന ആനയും വിരണ്ടോടുകയായിരുന്നു.

ഈ സമയത്ത് ആനയുടെ അടുത്തുകൂടി പോവുകയായിരുന്ന ബേബിയെ ആന തുമ്പിക്കൈയിലെടുത്ത് നിലത്തടിക്കുകയും തുടര്‍ന്ന് കൊമ്പുകൊണ്ട് കുത്തുകയും ചെയ്തു. ആന ആക്രമിക്കുന്നതു കണ്ട് ഓടിയ ആലങ്ങാട്ട് സംഘത്തിലെ തൃശ്ശൂര്‍ സ്വദേശി ജീമോന്‍(48) വീണു പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ പതിനൊന്നിനാണു 'വല്ലഭന്‍' എന്ന് ആനയെ ശബരിമലയ്ക്ക് കൊണ്ടുപോയത്.

2012 ഡിസംബറില്‍ പാപ്പാനായിരുന്ന വിജയകുമാര് (52)നെ ഈ ആന കുത്തിക്കൊന്നിരുന്നു. ഏറെ പണിപ്പെട്ടാണ് അന്ന് ആനയെ തളച്ചത്. ഈ ആനയെ എഴുന്നള്ളത്തിന് ഉപയോഗിക്കരുതെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതുമാണ്. പിന്നീട് ശാന്തസ്വഭാവം കൈവന്നതോടെയാണ് 'വല്ലഭ'നെ ശബരിമലയിലേക്ക് നിയോഗിച്ചത്.