സ്ഥാനാർഥി നിർണയത്തിൽ സി പി എമ്മിലെ തർക്കം തുടരുന്നു. ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്നെങ്കിലും പട്ടികയില്‍ അന്തിമ തീരുമാനമാക്കാനായില്ല. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടു പ്രാദേശികമായി ഉയരുന്ന പരസ്യപ്രതിഷേധങ്ങളിൽ സെക്രട്ടേറിയറ്റ് അതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യം കർശനമായി കൈകാര്യം ചെയ്യാൻ ജില്ലാനേതൃത്വങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആലപ്പുഴ ജില്ലയിൽ രൂക്ഷമായ തർക്കമുള്ള കായംകുളം, ചെങ്ങന്നൂർ സീറ്റുകളുടെ കാര്യം വീണ്ടും ജില്ലാനേതൃത്വങ്ങൾക്കു വിട്ടു. കായംകുളത്തു സിറ്റിങ് എം എൽ എ സി കെ സദാശിവനു സീറ്റുണ്ടാകാനിടയില്ലെന്ന് ഏതാണ്ട് ഉറപ്പായി. ജില്ലയിലെ വനിതാ സ്ഥാനാർഥിയായി പ്രതിഭാ ഹരിയോ സി എസ് സുജാതയോ എന്ന കാര്യത്തിൽ ഇനിയും ജില്ല, സംസ്ഥാന നേതൃത്വങ്ങൾക്കു തീരുമാനമെടുക്കാനായിട്ടില്ല. തർക്കമണ്ഡലങ്ങളിൽ ഇതിനിടെ വീണ്ടും മണ്ഡലം, ജില്ല കമ്മിറ്റികൾ ചേർന്നു പുതുക്കിയ പേരുകൾ നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൊല്ലത്തു പി കെ ഗുരുദാസനു പകരം നടന്‍ മുകേഷാണ് സ്ഥാനാര്‍ഥിയെന്നത് ഏറെക്കുറെ ഉറപ്പായി.
ആറന്മുളയിൽ ജില്ലാനേതൃത്വം ഒടുവിൽ നിർദേശിച്ച മാധ്യമപ്രവർത്തക വീണ ജോർജിനു നറുക്കു വീഴാൻ സാധ്യതയേറി. തൃത്താലയിൽ ഡിവൈഎഫ്ഐ നേതാവ് വി പി റജീനയുടെ പേര് ഒന്നുകൂടി വിലയിരുത്താൻ ജില്ലാ നേതൃത്വത്തോടു നിർദേശിച്ചതായാണ് പുറത്തുവന്ന വിവരം. തൃപ്പൂണിത്തുറയിൽ പുതിയ സ്ഥാനാർഥിയെ നിർദേശിക്കാൻ എറണാകുളം ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിയായ പി രാജീവിന്റെ പേര് വീണ്ടും നേതൃത്വം തള്ളി. സമീപകാലത്തു ജില്ലാ സെക്രട്ടറിമാരായ മൂന്നുപേർക്കും മൽസരിക്കാൻ അനുമതി നൽകേണ്ടതില്ലെന്ന മുൻ തീരുമാനം മാറ്റാൻ സെക്രട്ടേറിയറ്റ് തയാറാകാത്തതാണു രാജീവിനു വിനയായത്.
പയ്യന്നൂരിൽ സിറ്റിങ് എം എൽ എയായ സി കൃഷ്ണൻ തന്നെ മൽസരിക്കും. വർക്കല, അരുവിക്കര സ്ഥാനാർഥി നിർണയങ്ങൾക്കെതിരെ മണ്ഡലം കമ്മിറ്റികളിൽ വിമർശനം ഉയർന്നെങ്കിലും പുനരാലോചന ഉണ്ടായിട്ടില്ല.
സഖ്യകക്ഷി നേതാവായ പി സി ജോർജിനു സീറ്റ് നൽകുന്ന കാര്യത്തിൽ ഇതുവരേയും തീരുമാനത്തിലെത്തിയിട്ടില്ല.
വടക്കാഞ്ചേരിയിൽ കെപിഎസി ലളിതയ്ക്കെതിരെ പ്രാദേശികമായി പ്രതിഷേധം ഉയർന്നുവെങ്കിലും തീരുമാനം മാറ്റേണ്ടെന്നു സംസ്ഥാന നേതൃത്വം നിശ്ചയിച്ചു. സ്ഥാനാർഥിത്വത്തിനു വേണ്ടിയുള്ള പ്രാദേശിക സംഘടിത നീക്കങ്ങളിൽ സെക്രട്ടേറിയറ്റ് ആശങ്ക പ്രകടിപ്പിച്ചു. ബൂർഷ്വ പാർട്ടികളുടെ രീതിയാണ് ഇതെന്ന അഭിപ്രായവും യോഗത്തിലുയര്‍ന്നു.
പല തരത്തിലുള്ള പ്രകടനവും പോസ്റ്റര്‍ പ്രചാരണവുമൊക്കെ നടത്തുന്നതു പാർട്ടി അംഗങ്ങളല്ലെന്ന റിപ്പോർട്ടുകളാണു പല ജില്ലകളിൽ നിന്നു ലഭിച്ചിരിക്കുന്നത്. എന്നിരുന്നാലും സ്ഥാനാർഥി മോഹികളുടെ അമിത താൽപര്യം ഇതിന്റെ പിറകിലുണ്ടെന്നും നേതൃത്വം വിലയിരുത്തുന്നു.