വിവരാവകാശ നിയമത്തിനു സര്‍ക്കാര്‍ തടയണയിട്ടു; അഴിമതി സംബന്ധിച്ച വിവരങ്ങൾ ഇനി ജനം അറിയില്ല

Webdunia
വെള്ളി, 18 മാര്‍ച്ച് 2016 (08:30 IST)
അഖിലേന്ത്യാ സിവിൽ സർവീസ് ഉദ്യോഗസ്ഥർ, മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ തുടങ്ങിയവരുടെ പേരിലുള്ള വിജിലൻസ് അന്വേഷണം സംബന്ധിച്ച വിവരങ്ങൾ പുറത്തു നൽകുന്നതു വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി സർക്കാർ പുതിയ വിജ്ഞാപനം ഇറക്കി.

വിജിലൻസ് ഡയറക്ടർ ആസ്ഥാനത്തെ ടോപ് സീക്രട്ട് സെക്‌ഷൻ അന്വേഷിച്ചതോ, അന്വേഷണം നടത്തുന്നതോ ആയ ഒരു കേസിന്റെയും വിവരങ്ങൾ ഇനി മുതല്‍ വിവരാവകാശ നിയമപ്രകാരം ലഭിക്കില്ല. ഈ കേസുകളിന്മേല്‍ ലോകായുക്ത തുടങ്ങിയ ഏജൻസികൾക്കോ സിബിഐക്കോ വിജിലൻസ് നൽകുന്ന രേഖകളുടെ പകർപ്പും ഇനി ലഭ്യമാകില്ല. വിരമിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥർ, മുൻ എംഎൽഎമാർ എന്നിവരുടെ പേരിലുള്ള അഴിമതി കേസുകളുടെ വിവരങ്ങളും പുതിയ നിയമമനുസരിച്ച് ഇനി ലഭിച്ചേക്കില്ല.

ഈ പുതിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും അഴിമതിക്കേസുകൾ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭിച്ചിരുന്ന സാഹചര്യം പൂർണമായി നിലച്ചു.