അതിവേഗ പാതയില്‍ വീണ്ടും പഠനം; ചെലവ് ചുരുക്കാന്‍ നിര്‍ദ്ദേശം

ചൊവ്വ, 16 ഓഗസ്റ്റ് 2016 (16:15 IST)
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ ദൂരത്തില്‍ വിഭാവനം ചെയ്തനിര്‍ദ്ദിഷ്ട അതിവേഗ റെയില്‍പാതയുടെ അലൈന്‍മെന്റിനെ കുറിച്ച് വീണ്ടും പഠനം നടത്തുന്നു. എത്ര ജനങ്ങളെ ബാധിക്കും, പരമാവധി എത്ര സ്ഥലം ഏറ്റെടുക്കേണ്ടി വരും, എത്ര കെട്ടിടം പൊളിക്കണം എന്നതിനെ സംബന്ധിച്ച് കൃത്യമായ കണക്ക് നല്‍കാന്‍ ഡിഎംആര്‍സിയോട് അതിവേഗ റെയില്‍ കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടു. 
 
ഭൂമി ഏറ്റെടുക്കുമ്പോള്‍ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാനാണ് കൂടുതല്‍ പഠനം നടത്തുന്നതെന്ന് അതിവേഗ റെയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നു. 127849 കോടി രൂപയാണ് പാതയുടെ പദ്ധതി ചെലവ്. ഇത്ര വലിയ ചെലവ് ആയിരിക്കാം വീണ്ടും പഠനം നടത്താനുള്ള കാരണമെന്നും ചൂണ്ടികാണിക്കപ്പെടുന്നു. നഗരപ്രാന്ത പ്രദേശങ്ങളില്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ വലിയ വില നല്‍കേണ്ടി വരുമെന്നാണ് അതിവേഗ റെയില്‍ കോര്‍പ്പറേഷന്റെ വിലയിരുത്തല്‍. അലൈന്‍മെന്റില്‍ പ്രശ്‌നമുണ്ടായാല്‍ പ്രദേശവാസികള്‍ക്കിടയില്‍ എതിര്‍പ്പുണ്ടാകാനിടയുണ്ട്. റെയില്‍വേ ലൈനിന് അടുത്തായി നിരവധി  ആരാധനാലയങ്ങളും കുടിയേറ്റക്കാരുമുണ്ട്. ഇതൊക്കെ ഭാവിയില്‍ പ്രശ്‌നമായേക്കാമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതിനാലാണ് പാത കടന്നു പോകുന്ന പ്രദേശങ്ങളില്‍ വീണ്ടും പഠനം നടത്താന്‍ ഡിഎംആര്‍സിയോട് നിര്‍ദ്ദേശിച്ചത്. 
 
ചെലവ് പരമാവധി ചുരുക്കുകയെന്ന ആവശ്യവും സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുണ്ട്. 350 കിലോമീറ്റര്‍ വേഗതയില്‍ രണ്ട് മണിക്കൂര്‍കൊണ്ട് തിരുവനന്തപുരത്തു നിന്നും കണ്ണൂരെത്താന്‍ കഴിയുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഒന്‍പത് സ്റ്റേഷനുകളാണുള്ളത്. നിലവിലെ റെയില്‍ പാതയോട് ചേര്‍ന്ന് 20 മീറ്റര്‍ വീതിയിലാണ് പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നത്. ആകെ 790 ഹെക്ടര്‍ സ്ഥലമാണ് പദ്ധതിക്കായി വേണ്ടിവരുന്നത്. ഇതില്‍ 450 ഹെക്ടര്‍ സ്ഥലം സ്വകാര്യ ഭൂമിയാണ്. ഒന്‍പത് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്നാണ് ഡിഎംആര്‍സി സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക