തമ്പാനൂരിലെ മഴവെള്ളപ്പൊക്കനിവാരണത്തിന് നടപടി - മന്ത്രി വി.എസ്. ശിവകുമാര്‍

Webdunia
തിങ്കള്‍, 26 മെയ് 2014 (16:26 IST)
തമ്പാനൂരിലെ മഴവെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനായി എസ്.എസ് കോവില്‍ റോഡില്‍നിന്നും ആമയിഴഞ്ചാന്‍ തോടിലേക്ക് തമ്പുരു ഹോട്ടലിന് സമീപത്തുകൂടി പോകുന്ന ഓടയുടെ കുറുകെയുള്ള സ്ലാബ് പുനര്‍നിര്‍മ്മിച്ച് ഓട ജലപ്രവാഹത്തിന് സുഗമമാക്കും. 
 
കെ.എസ്.യു.ഡി.പി ഇതിനാവശ്യമായ ഫണ്ട് ലഭ്യമാക്കും. തമ്പാനൂരിലെ മഴവെള്ളപ്പൊക്ക നിവാരണത്തിനായി നടന്നുവരുന്ന പദ്ധതിപ്രവൃത്തികള്‍ വിലയിരുത്തുവാനായി സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി വി.എസ്. ശിവകുമാര്‍ വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 
 
ഓവര്‍ബ്രിഡ്ജ് മുതല്‍ മാഞ്ഞാലിക്കുളം വരെ നിലവിലുള്ള ഓടയില്‍ സ്ഥാപിച്ചിട്ടുള്ള ഏഴ് ഗ്രേറ്റിംഗ്‌സിനുപകരം 21 ഗ്രേറ്റിംഗ്‌സ് സ്ഥാപിക്കുവാന്‍ നടപടിയായിട്ടുണ്ട്. റോഡ് ഫണ്ട് ബോര്‍ഡ് നിര്‍മ്മിച്ചുവരുന്ന ഓടകളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. 
 
റെയില്‍വേയുടെ അധീനതയിലുള്ള ഭൂമിയില്‍ ഓട നിര്‍മ്മാണത്തിന് കെ.എസ്.യു.ഡി.പി ക്ക് അനുമതി നല്‍കാമെന്ന് യോഗത്തില്‍ റെയില്‍വേ അധികൃതര്‍ സമ്മതിച്ചു. കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള റോഡിലെ ബസ് പാര്‍ക്കിംഗും ഓട്ടോറിക്ഷ സ്റ്റാന്റിനെയും സംബന്ധിച്ച് നിലവില്‍ തുടരുന്ന അനിശ്ചിതത്വം മാറ്റുവാന്‍ ഉന്നതതലയോഗം അടിയന്തിരമായി വിളിക്കും. തമ്പാനൂര്‍-വഞ്ചിയൂര്‍ ഡൈവെര്‍ഷന്‍ ട്രെയിനിന്റെ നിര്‍മ്മാണത്തിനായുള്ള പുനര്‍ദര്‍ഘാസ് നടപടി പൂര്‍ത്തിയാക്കി നിര്‍വ്വഹണം ഉടന്‍ ഏറ്റെടുക്കും. 
 
ഇതിനൊപ്പം വരുന്ന മണ്‍സൂണില്‍ മഴവെള്ളപ്പൊക്കം നിയന്ത്രണവിധേയമാകും. എസ്.എസ്. കോവില്‍ റോഡിലുള്ള ഓടയുടെ നിര്‍മ്മാണവും റോഡ് ഉയര്‍ത്തുന്നതും സംബന്ധിച്ച് മണ്‍സൂണ്‍ കഴിഞ്ഞതിനുശേഷം പൊതുമരാമത്ത് വകുപ്പുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുന്നതിനും തീരുമാനമായിട്ടുണ്ട്.