പതിനഞ്ചുകാരിക്ക് പീഡനം: ബന്ധുക്കള്‍ അടക്കം നാല് പേര്‍ക്കെതിരേ കേസ്

Webdunia
വെള്ളി, 25 ജൂലൈ 2014 (10:02 IST)
പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച ബന്ധുക്കളായ രണ്ടുപേരടക്കം നാലു യുവാക്കളുടെ പേരില്‍ പൊലീസ് കേസെടുത്തു. ഉറുമ്പന്‍കുന്ന് സ്വദേശിനിയായ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. കുട്ടിയുടെ മൊഴി അനുസരിച്ച് അയല്‍വാസിയായ ബാബു, ചാലക്കുടി സ്വദേശി ക്രിസ്റ്റി, ബന്ധുക്കളായ മഹേഷ്, രമേഷ് എന്നിവരുടെ പേരിലാണ് കേസ്
 
ദത്തെടുത്തു വളര്‍ത്തുന്ന പെണ്‍കുട്ടിയുടെ അമ്മ നേരത്തെ മരിച്ചതിനാല്‍ പ്രായമേറിയ അച്ഛന്‍ മാത്രമാണ് വീട്ടിലുള്ളത്. ഇടക്കിടെ വീട്ടില്‍നിന്നും ഇറങ്ങിപ്പോകാറുള്ള പെണ്‍കുട്ടിയെ 2013ല്‍ അയല്‍വാസിയായ ബാബു രണ്ടുതവണ പീഡിപ്പിച്ചു. വീട്ടില്‍ തനിച്ചായ സമയത്താണ് ബന്ധുക്കളായ രമേഷും മഹേഷും പീഡിപ്പിച്ചത്. കാമുകനായ ചാലക്കുടി സ്വദേശി ക്രിസ്റ്റി തുമ്പൂര്‍മുഴിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായും പെണ്‍കുട്ടി മൊഴി നല്‍കി. തൃശൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കീഴിലുള്ള മഹിളാ മന്ദിരത്തിലാണ് പെണ്‍കുട്ടി ഇപ്പോള്‍ കഴിയുന്നത്. 
 
ഒരുമാസം മുമ്പ് വീട്ടില്‍നിന്നും ഇറങ്ങിപ്പോയ പെണ്‍കുട്ടിയെ ആന്ധ്രയില്‍ റെയില്‍വേ പോലീസ് പിടികൂടി നാട്ടിലേക്ക് അയച്ചിരുന്നു. പിന്നീട് പാലക്കാട്ടുവച്ചും പെണ്‍കുട്ടിയെ റെയില്‍വേ പൊലീസ് പിടികൂടിയതിനെ തുടര്‍ന്ന് ചാലക്കുടി പൊലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി. കോടതി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ ഏല്‍പ്പിക്കാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചത്.