അധ്യാപക നിയമന പാക്കേജില്‍ സംസ്ഥാനസര്‍ക്കാരിന് തിരിച്ചടി. അധ്യാപക നിയമനത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എയ്‌ഡഡ് സ്കൂളുകളില്‍ അധ്യാപകരെ നിയമിക്കുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കിയിരുന്നു. എന്നാല്‍, ഈ നിര്‍ദ്ദേശം തള്ളിയാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്.
കൂടാതെ, പ്രൈമറി ക്ലാസുകളില്‍ കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം ബാധകമാണെന്നും ഹൈക്കോടതി പറഞ്ഞു. ക്ലാസുകളില്‍, 1:45 എന്ന അനുപാതം റദ്ദാക്കി. 45 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്നതാണ് റദ്ദു ചെയ്തത്.
അതേസമയം, എല്‍ പി സ്കൂളില്‍ (ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ) 1:30 എന്ന അനുപാതവും യു പി സ്കൂളില്‍ (ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ) 1:35 എന്ന അനുപാതവും നടപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്തെ 30 എയ്ഡഡ് സ്കൂൾ മാനേജ്മെന്‍റുകളും അധ്യാപക സംഘടനയായ കെ പി എസ് ടി യുവും നൽകിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍റെ സുപ്രധാന വിധി. സ്റ്റാഫ് ഫിക്സേഷൻ സംബന്ധിച്ച സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിന്‍റെ പ്രാബല്യവും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.
കഴിഞ്ഞ നാലു വർഷമായി സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ജോലി ചെയ്തു വരുന്ന രണ്ടായിരത്തിലധികം അധ്യാപകര്‍ക്ക് ഹൈക്കോടതി ഉത്തരവ് ആശ്വാസമായി.