സത്യപ്രതിജ്ഞാ വേളയില്‍ നരേന്ദ്രമോഡിക്ക് സമ്മാനിക്കാന്‍ കസവ് മുണ്ടുമായി നടന് സുരേഷ് ഗോപി. മോഡിയുടെ ഓഫീസില്‍ നിന്നുള്ള ക്ഷണം സ്വീകരിച്ച് ഡല്‍ഹിയ്ക്ക് പോകാനൊരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയതാരം. വെറും കയ്യോടെയല്ല സുരേഷ് ഗോപി നരേന്ദ്രമോഡിയെ കാണാന്‍ പോകുന്നത്. കരാള്ക്കടയില് നിന്ന് പ്രത്യേകം പറഞ്ഞു വാങ്ങിയ കസവ് മുണ്ടും കരുതുന്നുണ്ട്.
ഗുരുവായൂരപ്പന്റെ ഭക്തനായ സുരേഷ് ഗോപി നരേന്ദ്രമോഡിക്കായി ഗുരുവായൂരമ്പലത്തില്‍ വഴിപാടും നടത്തുന്നുണ്ട്. മോഡിക്കുവേണ്ടി ഗുരുവായൂര്‍ ശ്രീലകത്ത് തെളിക്കാനായി 18 കിലോ നെയ്യും സുരേഷ് ഗോപിയുടെ നേര്‍ച്ചയുണ്ട്. ശ്രീലകത്ത് തെളിക്കാന്‍ 18 കിലോ മേല്‍ത്തരം നെയ്യും വാങ്ങിവച്ചിട്ടുണ്ട്.
ഡല്‍ഹിയ്ക്ക് പോകും മുമ്പ് നെയ്യ് ഗുരുവായൂരമ്പലത്തിലെത്തിക്കും. രാജ്യത്തിനായി ദീര്‍ഘകാലം പ്രധാന മന്ത്രിയായി പ്രവര്‍ത്തിക്കാന്‍ മോഡിക്കാവട്ടെയെന്നാണ് സുരേഷ് ഗോപിയുടെ ആശംസ. തെരഞ്ഞെടുപ്പിന് മുമ്പ് ആശംസകളുമായി സന്ദര്‍ശനം നടത്തിയത് ഓര്ത്തുവച്ചാണ് നരേന്ദ്രമോഡി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സുരേഷ് ഗോപിയെ ക്ഷണിച്ചത്.