കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ഗുരുതരാവസ്ഥയില്‍

Webdunia
വ്യാഴം, 3 സെപ്‌റ്റംബര്‍ 2015 (19:44 IST)
പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ഗുരുതരാവസ്ഥയില്‍. വെള്ളറട പനച്ചമൂട് ചരല്‍വിള പുത്തന്‍വീട്ടില്‍ ശക്തിയുടെ ഭാര്യ ശ്രീജ(30)യാണ് മകനെ കൊന്നശേഷം രണ്ടു കൈകളിലെയും ഞരമ്പുകള്‍ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
 
രാവിലെ വളരെ നേരം കഴിഞ്ഞിട്ടും ഇരുവരെയും മുറിയ്ക്കു പുറത്തുകാണാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാരാണ് കതക് ചവിട്ടുപൊളിച്ച് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. ഇവരെ കാരക്കോണം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
 
 മകന്‍ അഭിനന്ദിനെ (03) മരിച്ച നിലയില്‍ കിടപ്പുമുറിയില്‍ കണ്ടെത്തി.മകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ശ്രീജ ഞരമ്പ് മുറിയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പാറ്റ ശല്യം ഒഴിവാക്കാന്‍ ഉപയോഗിക്കുന്ന മരുന്ന് നല്‍കി കുഞ്ഞിനെ മയക്കിയ ശേഷമാണ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. 
ആത്മഹത്യാശ്രമത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ല. ഭര്‍ത്താവ് നാളെ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്താനിരിക്കേയാണ് ഈ ക്രൂരകൃത്യം.