സായിയിലെ ആത്മഹത്യ: സീനിയർ വിദ്യാർഥികൾക്കെതിരെ കേസെടുക്കില്ല- ക്രൈംബ്രാഞ്ച്

Webdunia
ചൊവ്വ, 2 ജൂണ്‍ 2015 (12:50 IST)
ആലപ്പുഴ സായി സെന്ററിൽ ജൂനിയർ വിദ്യാർത്ഥിനി വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ സീനിയർ വിദ്യാർഥികൾക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് ക്രൈംബ്രാഞ്ച്. ആത്മഹത്യാ ശ്രമം നടത്തിയ പെൺകുട്ടികൾ പൊലീസിനും മജിസ്ട്രേട്ടിനും നൽകിയ മൊഴികൾ പരസ്പരവിരുദ്ധമാണെന്നും. വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതിനെ തുടര്‍ന്നുമാണ് സീനിയർ വിദ്യാർഥികൾക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.
 
ആത്മഹത്യാ ശ്രമം നടത്തിയ പെൺകുട്ടികൾ ബിയർ ഉപയോഗിച്ചതായി പെൺകുട്ടികൾ മജിസ്ട്രേട്ടിന് മുമ്പാകെ മൊഴി നൽകി. എന്നാൽ, ഇക്കാര്യം അവർ പൊലീസിൽ നിന്ന് മറച്ചുവച്ചു. ബിയർ ഉപയോഗിച്ചതിനെ സീനിയർ വിദ്യാർഥികൾ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. ഇത് ആത്മഹത്യാപ്രേരണയായി കാണാനാവില്ലെന്നും അതിനാൽ തന്നെ കേസെടുക്കാൻ കഴിയില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 
 
സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്‌തെന്ന് ആരോപിച്ച് ആര്യാട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു വിദ്യാർഥിനിയും ആലപ്പുഴ സ്വദേശിയുമായ അപർണയും മറ്റ് മൂന്നു പേരുമാണ് മേയ് മാസം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അപർണ പിന്നീട് മരിക്കുകയുമായിരുന്നു.