ഓണം മധുരിക്കേണ്ടെന്ന് സപ്ലൈകോ; സൌജന്യ ഓണക്കിറ്റില്‍ പഞ്ചസാരയില്ല

Webdunia
ചൊവ്വ, 26 ഓഗസ്റ്റ് 2014 (13:25 IST)
ഓണം മധുരിക്കേണ്ടെന്നാണ് ഇത്തവണ സപ്ലൈകോയുടെ തീരുമാനം. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സപ്ലൈകോ വഴി നല്‍കുന്ന സൌജന്യ ഓണക്കിറ്റില്‍ നിന്ന് പഞ്ചസാര ഒഴിവാക്കി. കൂടാതെ കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന റേഷന്‍ അരി ഗുണനിലവാരം കുറഞ്ഞതാണെന്നും പരാതി ഉയര്‍ന്നു കഴിഞ്ഞു. സംസ്ഥാനത്തെ രണ്ട് ലക്ഷത്തോളം വരുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള സൌജന്യ ഓണ കിറ്റിലാണ്‌ സപ്ലൈകോയുടെ വിവേചനം. 
 
സാധനങ്ങള്‍ മിക്ക സ്ഥലത്തും എത്തിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. ചൊവ്വാഴ്ച മുതല്‍ സൌജന്യ ഓണക്കിറ്റ് വിതരണം  ചെയ്യാനാണു തീരുമാനം. തുടക്കത്തില്‍ മട്ട അരി വിതരണം ചെയ്യാനായിരുന്നു സപ്ലൈകോയുടെ തീരുമാനം. എന്നാല്‍ ഇപ്പോള്‍  ഉച്ചക്കഞ്ഞിക്കായി കരുതിവച്ചിരിക്കുന്ന അരിയും ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്യാനാണു ഉദ്ദേശമെന്നാണറിയുന്നത്. 
 
ഇപ്പോള്‍ പേരിനു മാത്രം എഫ്സിഐയില്‍നിന്ന് ഗുണനിലവാരമുള്ള അരി വാങ്ങിയ ശേഷം ബാക്കിയുള്ളത് ഉച്ചക്കഞ്ഞിക്കുള്ള അരി മതിയെന്നാണു തീരുമാനം. സപ്ലൈകോയ്ക്ക് എഫ്സിഐയില്‍ നിന്ന് നല്ല അരി വാങ്ങാന്‍ ഗണ്യമായ ഒരു തുക നല്‍കേണ്ടിവരും എന്നതാണു കാരണം. കുറഞ്ഞ അരിയാണെങ്കില്‍ പണം ലാഭിക്കാം എന്നതാണൊരു ലക്ഷ്യം. 
 
സൌജന്യ ഓണക്കിറ്റില്‍ 2 കിലോ മട്ട അരി, അര കിലോ പഞ്ചസാര, 200 ഗ്രാം മുളക്, 100 ഗ്രാം ചായപ്പൊടി എന്നിവയായിരുന്നു ഉള്‍ക്കൊള്ളിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പഞ്ചസാര വേണ്ടെന്നും മട്ടയരിക്കു പകരം റേഷനരി മതിയെന്നുമാണു തീരുമാനം.