സുധീരന്‍ സംഘടനാ മര്യാദ ലംഘിച്ചെന്ന് എംഎം ഹസന്‍

Webdunia
ഞായര്‍, 21 ഡിസം‌ബര്‍ 2014 (15:36 IST)
മദ്യ നയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച കെപി‌സിസി പ്രസിഡന്റ് വി‌എം സുധീരനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധമുയരുന്നു. ഇതിന്റെ ഭാഗമായി കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസന്‍ സുധീരനെതിരെ രംഗത്തെത്തി. സുധീരന്‍ സംഘടനാ മര്യാദ ലംഘിച്ചെന്നാണ് ഹസന്‍ പറഞ്ഞിരിക്കുന്നത്.

പാര്‍ട്ടിയെയും സര്‍ക്കാരിനെയും പരസ്യമായി വിമര്‍ശിക്കുന്നത് സംഘടനാ മര്യാദയ്ക്കും അച്ചടക്കത്തിനും യോജിച്ചതല്ല. പാര്‍ട്ടിയെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കേണ്ട കെപിസിസി പ്രസിഡന്റ് തന്നെ ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാസര്‍ഗോഡ് നടത്തിയ പത്രസമ്മേളനത്തിലാണ് ഹസന്‍ സുധീരനെതിരെ തിരിഞ്ഞത്.

സുധീരന്‍ നടത്തിയ ഒറ്റ പ്രസ്താവന കൊണ്ട് സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം മാറിയിരിക്കുകയാണെന്നും ഹസന്‍ ആരോപിച്ചു. മുന്നണി ഭരണത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളിലൂടെ സമവായത്തിലെത്തി നയരൂപീകരണം നടത്തി ഭരണം നടത്തുകയാണ് വേണ്ടത്.  എന്നാല്‍ മുന്നണിക്ക് നേതൃത്വം നല്‍കേണ്ട കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഇത്തരമൊരു അഭിപ്രായം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ പരസ്യമായി ഉന്നയിച്ചത് പാര്‍ട്ടിയുടെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.