ബീയർ കുപ്പികൊണ്ട് തലയ്‌ക്കടിയേറ്റ യുവാവ് മരിച്ചു; വിദ്യാർഥി കസ്‌റ്റഡിയില്‍ - കൊലയ്‌ക്ക് കാരണമായത് പെണ്‍കുട്ടിയെ ബ്ലാക് മെയിൽ ചെയ്‌തതെന്ന് സൂചന

Webdunia
വ്യാഴം, 19 ജനുവരി 2017 (15:25 IST)
വാക്ക് തർക്കത്തിനിടെ ബീയര്‍ കുപ്പി കൊണ്ടു തലയ്‌ക്കടിയേറ്റ വിദ്യാര്‍ഥി മരിച്ചു. മൂലമറ്റം സെന്റ് ജോസഫ് കോളജിലെ ബിരുദ വിദ്യാർഥി വണ്ടമറ്റം അമ്പാട്ട് അർജുനന്‍ (20) ആണ് മരിച്ചത്. സംഭവത്തിൽ പ്ലസ്‌ടു വിദ്യാർഥിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.

ചൊവ്വാഴ്‌ച രാത്രി എട്ടരയോടെയാണ് സംഭവമുണ്ടായത്.  പടികോടിക്കുളത്തിനു സമീപം വെള്ളംചിറ ഭാഗത്തുള്ള ഒരു വിദ്യാർഥിനിയുടെ വീട്ടിൽ വച്ചാണ് പ്ലസ്‌ടു വിദ്യാർഥി അർജുനനെ ആക്രമിച്ചത്.

അർജുന്റെ കോളജിലാണു ഈ വിദ്യാർഥിനിയും പഠിക്കുന്നത്. കോളജിലെ മറ്റൊരു വിദ്യാര്‍ഥിയുമായി ഈ പെണ്‍കുട്ടിക്ക്  അടുപ്പമുണ്ടായിരുന്നതായും, ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം അർജുനന് ലഭിച്ചിരുന്നുവെന്നും പറയപ്പെടുന്നു. ഇതിന്റെ പേരിൽ അർജുനൻ വിദ്യാർഥിനിയെ ബ്ലാക് മെയിൽ ചെയ്‌തിരുന്നതായും സൂചനയുണ്ട്.

പ്രശ്‌നം പരിഹരിക്കാൻ അർജുനനെ പെൺകുട്ടിയുടെ വീട്ടുകാർ വിളിച്ചു വരുത്തി. തർക്കത്തിനിടെയാണു വിദ്യാർഥിനിയുടെ സഹോദരൻ ബീയർ കുപ്പി ഉപയോഗിച്ച് ബിരുദ വിദ്യാർഥിയുടെ തലയ്‌ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
Next Article