സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും ഗുരുതരമായ തെരുവുനായ ആക്രമണം കോതമംഗലത്ത്. കോതമംഗലം തൃക്കാരിയൂരില്‍ തെരുവുനായയുടെ കടിയേറ്റ കുഞ്ഞിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന്‍റെ വരാന്തയില്‍ നില്‍ക്കുകയായിരുന്ന കുഞ്ഞിനെ നായ കടിച്ചുവലിച്ച് മുറ്റത്തേയ്ക്ക് ഇട്ട് ആക്രമിക്കുകയായിരുന്നു. കുട്ടിയെ ഇപ്പോള്‍ കോലഞ്ചേരി മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രവി-അമ്പിളി ദമ്പതിമാരുടെ മകനായ മൂന്നുവയസ്സുകാരന്‍ ദേവാനന്ദിനെയാണ് നായ ആക്രമിച്ചത്. കുട്ടിയുടെ കണ്ണിനും മുഖത്തിനുമാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കുഞ്ഞിനെ വരാന്തയില്‍ നിര്‍ത്തി ചോറെടുക്കാന്‍ അമ്മ അമ്പിളി അടുക്കളയിലേക്ക് പോയ സമയത്താണ് നായ കുട്ടിയെ ആക്രമിച്ചത്.
കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടി വന്നപ്പോഴേക്കും കുഞ്ഞിന്‍റെ മുഖം നായ കടിച്ചു കീറിയിരുന്നു. കണ്ണിന്റെ ഞെരമ്പുകള്‍ക്ക് ഗുരുതരമായി മുറിവേറ്റ കുഞ്ഞിനെ തിങ്കളാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. കണ്ണൂനീര്‍ ഗ്രന്ധിക്കും കണ്‍ പോളയ്ക്കും തകരാര്‍ സംഭവിച്ചതായാണ് വിവരം. ചുണ്ടിലും, കഴുത്തിന്‍റെ പിന്‍ഭാഗത്തും ആഴത്തിലുള്ള മുറിവുകളും കൈകാലുകള്‍ക്ക് പരിക്കും ഏറ്റിട്ടുണ്ട്.
കുട്ടിയുടെ ചികിത്സാ ചിലവ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു, സഹായവുമായി നടന്‍ മമ്മൂട്ടിയും രംഗത്തെത്തിയിട്ടുണ്ട്. ബാലാവകാശ കമ്മീഷന്‍ വിഷയത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. തെരുവുനായ വിഷയത്തില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായ സ്ഥലങ്ങളിലൊന്നാണ് കോതമംഗലം.