ആലപ്പുഴ നഗരത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഒറ്റ ദിവസം 38 പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചമുതലായിരുന്നു നായകളുടെ ആക്രമണമുണ്ടായത്.നഗരത്തിലെ ആലപ്പുഴ കെഎസ്ആർടിസി പരിസരം, ബോട്ട് ജെട്ടി, കല്ലുപാലം, തത്തംപള്ളി, ജില്ലാക്കോടതിപ്പാലം, മുല്ലയ്ക്കൽ ഭാഗങ്ങളിലാണ് ആക്രമണമുണ്ടായത്.
നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റവർ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. തുടർന്ന് വിദഗ്ധ ചികിത്സ ആവശ്യമുള്ള 14 പേരെ വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. നഗരത്തിൽ സ്കൂൾ, ഓഫിസ് പ്രവർത്തിസമയം അവസാനിച്ച് പാതയോരങ്ങളിൽ തിരക്ക് ആരംഭിച്ചതോടെ നായയുടെ അക്രമവും കൂടുകയായിരുന്നു. കറുപ്പ്, ഇളം ബ്രൗൺ നിറങ്ങളിലുള്ള രണ്ട് നായകളാണ് അക്രമകാരികളെന്ന് കടിയേറ്റവർ പറയുന്നു.
സംഭവത്തെ തുടർന്ന് വെറ്റിനറി ഡോക്‌ടർ ഉൾപ്പെട്ട പൊലിസ് സംഘം നഗരത്തിൽ പേ വിഷബാധയുള്ള നായകൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.തുടർച്ചയായി ജനങ്ങളെ അക്രമിക്കുന്നതിനാൽ ഇവയ്ക്ക് ഉറപ്പായും പേവിഷ ബാധയുണ്ടാകാമെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. ആക്രമണത്തിൽ ഭൂരിഭാഗം പേരുടെയും പരിക്ക് ഗുരുതരമല്ല.
ഇതിൽ തന്നെ കൂടുതൽപ്പേർക്കും ഇടതുകാലിലാണ് കടിയേറ്റത്. ജോലി അവസാനിച്ച ശേഷം റോഡിലൂടെ നടന്നു പോകുന്ന വഴിക്ക് നായ ഓടി വന്ന് കാലിൽ കടിക്കുകയായിരുന്നെന്ന് അധ്യാപകരായ പുന്നമട സ്വദേശി സുജ(46) ,സജീന(46) ,കോടതി ജീവനക്കാരി പട്ടണക്കാട് സ്വദേശി ശ്രീജ (38) എന്നിവർ പറയുന്നു. അതേപോലെ, ഡ്യൂട്ടിക്കു ശേഷം കെ എസ് ആർ ടി സി ബസിൽ നിന്ന് ഇറങ്ങുംവഴിയാണ് കണ്ടക്റ്റർ ടി പി.അമ്പിളി(39)ക്ക് കടിയേറ്റത്.