പിണറായിക്കെതിരായ 'കോവിഡിയേറ്റ്' പരാമര്‍ശം; മുരളീധരനെ വിമര്‍ശിച്ച് ചിദംബരം

Webdunia
ശനി, 17 ഏപ്രില്‍ 2021 (15:49 IST)
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്രമന്ത്രി വി.മുരളീധരന്‍ നടത്തിയ 'കോവിഡിയേറ്റ്' പരാമര്‍ശത്തെ വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. മുരളീധരന്റെ പരാമര്‍ശം ഞെട്ടിക്കുന്നതാണെന്ന് ചിദംബരം ട്വീറ്റ് ചെയ്തു. 
 
മുരളീധരനെ നിയന്ത്രിക്കാന്‍ ബിജെപിയില്‍ ആരുമില്ലേയെന്ന് ചിദംബരം ചോദിച്ചു. 'മുഖ്യമന്ത്രി പിണറായി വിജയനെ കോവിഡിയേറ്റ് എന്നു പരാമര്‍ശിച്ച കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രസ്താവന ഞെട്ടിക്കുന്നതാണ്. ഒട്ടും സ്വീകാര്യമല്ലാത്ത ഭാഷ പ്രയോഗിച്ച കേന്ദ്രമന്ത്രിയെ നിയന്ത്രിക്കാന്‍ ബിജെപി നേതൃത്വത്തില്‍ ആരുമില്ലേ?,' ചിദംബരം ചോദിച്ചു. 
 
നടന്‍ കമല്‍ഹാസനും വി.മുരളീധരനെതിരെ രംഗത്തെത്തി. 'നികൃഷ്ടനായ പ്രധാനമന്ത്രിയെ പിന്തുടരുന്ന നികൃഷ്ടരായ മന്ത്രിമാരോ അതോ നികൃഷ്ടരായ മന്ത്രിമാരെ പിന്തുടരുന്ന പ്രധാനമന്ത്രിയോ ?...അവര്‍ അനുഭവിക്കാതിരിക്കില്ല,' എന്നാണ് കമല്‍ഹാസന്റെ പ്രതികരണം. 
 
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്കെതിരെ 'കോവിഡിയേറ്റ്' പരാമര്‍ശം മുരളീധരന്‍ നടത്തിയത്. കോവിഡ് ബാധിതനായ മുഖ്യമന്ത്രി കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു എന്നാണ് മുരളീധരന്‍ അടക്കമുള്ളവര്‍ ആരോപിച്ചത്. എന്നാല്‍, മുഖ്യമന്ത്രി കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article