എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുസ്‍ലിം ലീഗ് എംഎല്‍എ കെഎന്‍എ ഖാദര്‍ രംഗത്ത്. ഒരു പ്രത്യേക പരീക്ഷയുടെ ഫലം മന്ത്രി പ്രഖ്യാപിക്കുന്ന രീതി കേരളത്തിലല്ലാതെ ലോകത്ത് ഒരിടത്തുമില്ല. പരീക്ഷ എഴുതുന്ന എല്ലാവരെയും വിജയിപ്പിക്കാനാണെങ്കില്‍ എസ്എസ്എല്‍സി പരീക്ഷ നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകളുടെ ഫലപ്രഖ്യാപനം മന്ത്രിമാര്‍ നടത്തുന്ന സമ്പ്രദായം ലോകത്ത് ഒരിടത്തുമില്ല. എസ്എസ്എല്‍സി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കേണ്ടിയിരുന്നില്ല. എല്ലാ വീഴ്ചകളുടെയും ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്നത് പോലെയാണ് മന്ത്രി ഫലപ്രഖ്യാപനം നടത്തുന്നതുകൊണ്ട് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും കെഎന്‍എ ഖാദര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ യുഡിഎഫ് ആലോചിച്ച് തീരുമാനം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.