ഗുരുനിന്ദ; സിപി‌എമ്മിനെതിരെ ശിവഗിരി മഠവും രംഗത്ത്

Webdunia
ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (13:49 IST)
സംസ്ഥാനത്ത് സിപിഎമ്മിനെ വിടാതെ പിന്തുടരുന്ന ഗുരുനിന്ദ വിഷയം കൂടുതല്‍ സങ്കീര്‍ണമാകുന്നു എന്ന് സൂചന. വിഷത്തില്‍ സി‌എമ്മിനെതിരെ ശിവഗിര്‍റ്റി മഠവും രംഗത്ത് വന്നു. ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ വിഷയത്തില്‍ ശക്തമായി അപലപിച്ചുകൊണ്ട് പ്രസ്താവനയും ഇറക്കി. ഗുരുനിന്ദയുമായി മുന്നോട്ടു പോയാൽ സിപിഎമ്മിന്റെ രാഷ്ട്രീയത്തെ ജനങ്ങളുടെ മുന്നിൽ തുറന്നു കാണിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.

ശിവഗിരിയിൽ വന്ന് ഗുരുദേവനെ മാനവികതയുടെ ലോകഗുരുവെന്ന് വാഴ്ത്തുകയും സ്വന്തം തട്ടകത്തിൽ ഗുരുവിനെ അവഹേളിക്കുന്ന ഭ്രാന്തൻ നയത്തെ ശക്തമായ ഭാഷയിൽ അപലപിക്കുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. കേരളത്തെ രൂപപ്പെടുത്തിയ മലയാളത്തിന്റെ മഹാഗുരുവായ ശ്രീനാരായണ ഗുരുവിനെ കുടുക്കിട്ട് കുരിശിൽ തറയ്ക്കുന്ന രംഗ ചിത്രീകരിച്ച ഇടതുപക്ഷ പാർട്ടികളുടെ അപരിഷ്കൃത രീതികളെ ശക്തമായി അപലപിക്കുന്നെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും പ്രകാശാന്ത ആവശ്യപ്പെടുന്നു.

കേരളത്തിൽ രാഷ്ട്രീയ കാര്യങ്ങളിൽ തങ്ങൾ ഇടപെടാറില്ലെങ്കിലും ഇത്തരം ഗുരുനിന്ദയുമായി മുന്നോട്ട് പോയാൽ ഇതിന്റെ പിന്നിലെ രാഷ്ട്രീയത്തെ ജനങ്ങളുടെ മുന്നിൽ തുറന്ന് കാണിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പ്രസ്താവന അവസാനിപ്പിച്ചിരിക്കുന്നത് . ശ്രീകൃഷ്ണജയന്തി ദിനത്തിൽ ഓണാഘോഷ സമാപനം എന്ന പേരിൽ സിപിഎമ്മിന്റെ പോഷക സംഘടനയായ ബാലസംഘം കണ്ണൂരിൽ നടത്തിയ ഘോഷയാത്രയിലാണ് ശ്രീനാരായണ ഗുരുദേവനെ അപമാനിച്ചു കൊണ്ടുള്ള നിശ്ചല ദൃശ്യങ്ങൾ വന്നത്. ഇത് പിന്നീട് വിവാദമാകുകയും ഡല്‍ഹിയിലേക്ക് വരെ സമരം എത്തുകയും ചെയ്തിരുന്നു.