ശ്രീക്കെതിരെ മക്കോക്ക ഇല്ല; കുറ്റപത്രം റദ്ദാക്കി

Webdunia
ശനി, 25 ജൂലൈ 2015 (16:38 IST)
ഐപി‌എല്‍ വാത് വയ്പ്പ് കേസില്‍ ശ്രീശാന്തിനെതിരെ ചുമത്തിയിരുന്ന കുറ്റപത്രം റദ്ദാക്കി.  ഡല്‍ഹി പൊലീസിന്റെ എല്ലാ കണ്ടെത്തലുകളും തെറ്റാണെന്ന് വിധിച്ചുകൊണ്ടാണ് കേസില്‍ ശ്രീശാന്തുള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളേയും വെറുതേ വിട്ടത്. ഡല്‍ഹി ഡല്‍ഹി പട്യാല ഹൗസ് കോടതി മജിസ്ട്രേറ്റ് നീന ബസാല്‍ കൃഷണയാണ് വിധി പ്രഖ്യാപിച്ചത്. പലതവണ മാറ്റിവച്ചശേഷമാണ് ഐപിഎല്‍ ഒത്തുകളിക്കേസില്‍ കോടതി വിധി പറഞ്ഞത്.

വിധി കേൾക്കാൻ ശ്രീശാന്ത് കോടതിയിൽ എത്തിയിരുന്നു. ശ്രീശാന്തിനെ കൂടാതെ രാജസ്ഥാൻ റോയൽസ് താരങ്ങളായിരുന്ന അജിത് ചാന്ദില, അങ്കിത് ചവാൻ എന്നിവരും അധോലോക നായകരായ ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീൽ എന്നിവരടക്കം 42 പേരാണ് പ്രതികൾ. ദാവൂദ് ഉൾപ്പെടെ ആറ് പ്രതികളെ പിടിക്കിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു.

ഐപി‌എല്‍ വാത് വയ്പ് കേസില്‍ മക്കോക്ക അടക്കം ഡൽഹി പൊലീസ് ചുമത്തിയ ഒരു കുറ്റവും ഇവർക്കെതിരെ നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു.  ശ്രീശാന്ത് ഉൾപ്പെടെയുള്ള താരങ്ങൾ പണം വാങ്ങി ഒത്തുകളിച്ചെന്ന പ്രോസിക്യൂഷന്റെ  വാദം കോടതി അപ്പാടെ തള്ളി. ഒത്തുകളി നടത്തിയതിന് തെളിവായി ഫോൺ സംഭാഷണങ്ങളുടെ ശബ്ദരേഖയും പ്രോസിക്യൂഷൻ ഹാജരാക്കിയെങ്കിലും ഇത് പണം വാങ്ങിയതിന് തെളിവായി കാണാനാവില്ലെന്ന് കോടതി പറഞ്ഞു. കേസിൽ തുടരന്വേഷണം വേണമെന്ന പൊലീസിന്റെ ആവശ്യവും കോടതി തള്ളി. രാജസ്ഥാൻ, ചെന്നൈ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്ര് അന്വേഷണം നടന്നിട്ടുണ്ടെന്നും അതിനാൽ തുടരന്വേഷണം നടത്തേണ്ടതുണ്ട് എന്നുമായിരുന്നു പൊലീസിന്റെ വാദം.

ഡല്‍ഹി പൊലീസിന് കനത്ത പ്രഹരമാണ് കോടതിയുടെ വിധി. 2013 മേയ് ഒന്‍പതിന് മൊഹാലിയില്‍ കിങ്സ് ഇലവന്‍ പഞ്ചാബുമായി നടന്ന മല്‍സരത്തില്‍ വാതുവയ്പുകാരുടെ നിര്‍ദേശപ്രകാരം തന്‍റെ രണ്ടാം ഓവറില്‍ പതിനാല് റണ്‍സിലേറെ വിട്ടുകൊടുക്കാന്‍ ശ്രീശാന്ത് ശ്രമിച്ചുവെന്നാണ് ഡല്‍ഹി പൊലീസിന്‍റെ ആരോപണം. ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ തുടങ്ങിയ അധോലോക സംഘാംഗങ്ങളാണ് വാതുവയ്പ് നിയന്ത്രിച്ചിരുന്നതെന്ന് ആറായിരം പേജുകള്‍ വരുന്ന കുറ്റപത്രത്തില്‍ പറയുന്നു.

കേസില്‍ ശ്രീശാന്തിനു പുറമെ പ്രമുഖ കളിക്കാരായ അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരുള്‍പ്പെടെ 42 പ്രതികളില്‍ 36 പേരെ മാത്രമാണ് പിടികൂടാനായത്. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിലെ വകുപ്പുകളും വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളുമാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരുന്നത്. ഈ വകുപ്പുകളെല്ലാം കോടതി റദ്ദാക്കിയിരിക്കുകയാണിപ്പോള്‍.