കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരായ കുറ്റപത്രം ചോര്‍ന്നത് വലിയ വിവാദമായി. കുറ്റപത്രത്തിന്റെ ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിനായി നല്‍കിയ സമയത്താണ് അത് പുറത്തുപോയതെന്ന പൊലീസിന്റെ ഒഴുക്കം മട്ടിലുള്ള പ്രതികരണമാണ് വിവാദങ്ങള്‍ ആക്കം കൂട്ടിയത്. കുറ്റപത്രം ഔദ്യോഗികമായി കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ തന്നെ മാധ്യമങ്ങള്‍ക്കും മറ്റും കുറ്റപത്രത്തിന്റെ പകര്‍പ്പ് ലഭിച്ചിരുന്നു.
തുടര്‍ന്നാണ് ദിലീപും അദ്ദേഹത്തെ അനുകൂലിക്കുന്ന അഡ്വ. ശ്രീജിത്ത് പെരുമനയും ഇക്കാര്യത്തില്‍ പരാതിയുമായി രംഗത്തെത്തിയത്. ഇരയാക്കപ്പെട്ട നടിയുടെ ഭാവി ജീവിതത്തെപോലും സാരമായി ബാധിക്കുന്ന കുറ്റപത്രത്തിലെ വസ്തുതകള്‍ ചോര്‍ന്നത് മാപ്പര്‍ഹിക്കാന്‍ കഴിയാത്ത തെറ്റാണെന്നും ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും കടുത്ത അനാസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ശ്രീജിത്ത് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പൊലീസ് കംപ്ലൈന്റ് അതോറിറ്റിക്കും പരാതി നല്‍കുകയും ചെയ്തു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കേസുകളിലെ കുറ്റപത്രം പബ്ലിക് രേഖകളാണെങ്കിലും വിവരാവകാശ നിയമ പ്രകാരം പോലും കക്ഷികളല്ലാത്തവര്‍ക്ക് നല്‍കുന്നതില്‍ അതിന് വലിയ നിയന്ത്രണമുള്ളതാണ്. ഈ വിഷയത്തില്‍ ഇരയായ നടി ഇപ്പോള്‍ പുലര്‍ത്തുന്നത് വളരെ കുറ്റകരമായ മൗനമാണ് എന്നും പ്രതികരിക്കേണ്ടവര്‍ മിണ്ടുന്നില്ലെന്നും ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.