‘ഞാന്‍ ഇപ്പോഴും നിരാഹാരത്തില്‍ തന്നെ, സര്‍ക്കാര്‍ നടത്തുന്നത് പ്രഹസനം’ - എണ്ണൂറാം ദിവസം ശ്രീജിത്തിന്‍റെ സമരം

WD Exclusive

തിങ്കള്‍, 19 ഫെബ്രുവരി 2018 (19:20 IST)
സഹോദരന്‍ ശ്രീജീവിന്‍റെ മരണത്തില്‍ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടേറിയറ്റ് നടയില്‍ സമരം തുടരുകയാണ്. സമരം എണ്ണൂറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ അതിഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ട് ശ്രീജിത്ത്. എന്നാല്‍ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് ശ്രീജിത്ത് മലയാളം വെബ്‌ദുനിയയോട് വ്യക്തമാക്കി. 
 
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഞാന്‍ നാല് ദിവസം ആശുപത്രിയിലായിരുന്നു. ഞാന്‍ വീട്ടിലേക്ക് മടങ്ങിയിട്ടില്ല. വീണ്ടും സമരമുഖത്തേക്ക് വരികയാണ് ചെയ്തത്. നിരാഹാര സമരം നടത്തരുതെന്ന് ഡോക്ടര്‍മാര്‍ കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഞാന്‍ ഇപ്പോഴും തുടരുന്നത് നിരാഹാരം തന്നെയാണ്. ഒരു വര്‍ഷത്തോളം തുടര്‍ച്ചയായി നിരാഹാരസമരം നടത്തിയതിന്‍റെ രൂക്ഷമായ ആരോഗ്യപ്രശ്നങ്ങള്‍ എനിക്കുണ്ട്. എങ്കിലും തോല്‍ക്കാന്‍ എനിക്ക് പറ്റില്ല. എന്‍റെ സഹോദരന്‍റെ മരണത്തില്‍ കുറ്റക്കാരായവരെല്ലാം ശിക്ഷിക്കപ്പെടണം - ശ്രീജിത്ത് വ്യക്തമാക്കി. 
 
സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ നടത്തുന്നത് പ്രഹസനമാണ്. സി ബി ഐ അന്വേഷണമെന്ന പുകമറ സൃഷ്ടിച്ച് എന്നെ ഇവിടെനിന്ന് മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യമായതൊന്നും സര്‍ക്കാര്‍ ചെയ്തില്ല. സി ബി ഐ ഉദ്യോഗസ്ഥര്‍ എന്നെ നേരില്‍ വന്നുകണ്ടിരുന്നു. എന്നാല്‍ രേഖാമൂലം എനിക്ക് ഒരു ഉറപ്പും സി ബി ഐയുടെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ല.
 
കുറ്റവാളികളായവരെ പൊലീസ് കം‌പ്ലൈന്‍റ് അതോറിറ്റി പേരെടുത്ത് പറഞ്ഞിട്ടും ഇവിടെ അനീതിയാണ് നടക്കുന്നത്. അതൊക്കെ സര്‍ക്കാര്‍ പുച്ഛിച്ച് തള്ളുകയാണ്. യഥാര്‍ത്ഥത്തില്‍ എന്‍റെ സഹോദരന്‍റേത് സര്‍ക്കാര്‍ തലത്തിലുള്ള ഒരു കൊലപാതകമാണ്. ഭരണതലത്തില്‍ ഇക്കാര്യത്തില്‍ നടന്നത് അഴിമതിയാണ്. സമരം ശക്തമാവുകയും ജനപിന്തുണ ഏറുകയും ചെയ്തപ്പോള്‍ എന്തൊക്കെയോ കോപ്രായം കാണിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ഞാന്‍ ഇവിടെക്കിടന്ന് മരിച്ചാലും നീതി നല്‍കില്ലെന്ന വാശി ആര്‍ക്കോ ഉള്ളതുപോലെയാണ് തോന്നുന്നത് - ശ്രീജിത്ത് പറഞ്ഞു.
 
ഈ സമരത്തിന്‍റെ തുടക്കത്തില്‍ തന്നെ ഞാന്‍ ആവശ്യപ്പെട്ട സി ബി ഐ അന്വേഷണമാണ്. എന്നാല്‍ ഇപ്പോള്‍ പോലും അതുസംബന്ധിച്ച എന്തെങ്കിലും ആധികാരികമായ രേഖകള്‍ എനിക്ക് ലഭിച്ചിട്ടില്ല. ഒരു സാധാരണക്കാരന് നീതി ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. എന്‍റെ സഹോദരന്‍റെ കാര്യത്തില്‍ പൊലീസ് ഗുണ്ടായിസമാണ് കാണിച്ചത്. അവര്‍ കൊലപാതകം ചെയ്തു, കൊലപാതകത്തിന് കൂട്ടുനിന്നു, തെളിവുകള്‍ നശിപ്പിച്ചു, പുതിയ തെളിവുകള്‍ സൃഷ്ടിച്ചു, വിശ്വാസ വഞ്ചന നടത്തി - ഇങ്ങനെ എത്രയെത്ര തെറ്റുകള്‍ പൊലീസ് ചെയ്തു. വീണ്ടും വീണ്ടും ഇരകള്‍ പീഡിപ്പിക്കപ്പെടുന്ന ഒരു സംവിധാനമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇതിന് മാറ്റം വരണം. ഇരട്ടനീതി എന്നത് അനുവദിക്കാനാവില്ല. ഒരുപാട് വ്യക്തികളുടെയും കുടുംബങ്ങളുടെയും തകര്‍ച്ചയ്ക്ക് പൊലീസ് കാരണമായിട്ടുണ്ട്. ഈ സ്തിതി മാറാന്‍ വേണ്ടിക്കൂടിയാണ് ഞാന്‍ പോരാടുന്നത് - ശ്രീജിത്ത് മലയാളം വെബ്‌ദുനിയയോട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍