ശ്രീജിവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 780 ദിവസത്തിലധികമായി നടത്തിവരുന്ന സമരം അവസാനിപ്പിക്കുകയാണെന്ന് സഹോദരൻ ശ്രീജിത്ത്. കേസ് അന്വേഷിക്കുന്ന സിബിഐയിൽ തനിക്കുള്ള വിശ്വാസമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും ശ്രീജിത്ത് അറിയിച്ചു.
അതേസമയം, ശ്രീജിവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ശ്രീജിത്തും അമ്മയും ഇന്ന് സിബിഐക്ക് മൊഴി നൽകും. സിബിഐ അന്വേഷണം തുടങ്ങിയെങ്കിലും കുറ്റവാളികള്‍ക്ക് കൃത്യമായ ശിക്ഷ ഉറപ്പാക്കും വരെ സമരം തുടരുമെന്നായിരുന്നു നേരത്തേ ശ്രീജിത്ത് അറിയിച്ചത്.
സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ശ്രീജിത്തിന്റെ സമരം ഏറ്റെടുത്തതോടെയാണ് കേസ് സിബിഐക്ക് ഏറ്റെടുക്കേണ്ടി വന്നത്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ സോഷ്യല്‍ മീഡിയ കൂട്ടായ്മ സമരം അവസാനിപ്പിച്ചിരുന്നു.
നെയ്യാറ്റിന്‍കര സ്വദേശിയായ ശ്രീജിവ് പോലീസ് കസ്റ്റഡിയിലിരിക്കേയാണ് ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ശ്രീജിവ് ആത്മഹത്യ ചെയ്തതാണ് എന്നാണ് പോലീസ് നിലപാട്. എന്നാൽ ആത്മഹത്യ അല്ല കൊലപാതകമാണെന്നാണ് ശ്രീജിത്തും ബന്ധുക്കളും ആരോപിക്കുന്നത്.