പൊലീസ് വീണ്ടും നാണക്കേടില്‍; ശ്രീജിത്തിനെ മോചിപ്പിക്കാൻ 15000 രൂപ കൈക്കൂലി വാങ്ങി - സിഐയുടെ ഡ്രൈവറെ സസ്പെൻഡ് ചെയ്‌തു

Webdunia
വ്യാഴം, 10 മെയ് 2018 (20:08 IST)
വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പൊലീസിനെതിരെ പുതിയ ആരോപണം. ശ്രീജിത്തിനെ കസ്റ്റഡിയിൽ നിന്നും മോചിപ്പിക്കാനെന്നും പറഞ്ഞ് വടക്കൻ പറവൂർ സിഐ ക്രിസ്പിൻ സാം 25,000 രൂപ കൈക്കൂലി ചോദിച്ചെന്നാണ് ആരോപണം.

ശ്രീജിത്തിന് ചികില്‍സ നല്‍കാനും കേസ് ഒഴിവാക്കാനുമായിട്ടാണ് ഈ തുക സിഐ ആവശ്യപ്പെട്ടത്. ഇതിൽ ആദ്യ ഗഡുവായ 15,000 രൂപ കസ്റ്റഡിയിലെടുത്തതിന്റെ പിറ്റേ ദിവസം ഇടനിലക്കാരൻ വഴി സിഐയുടെ ഡ്രൈവർ കൈപ്പറ്റി. എന്നാൽ ശ്രീജിത്ത് കൊല്ലപ്പെട്ടതിന് പിന്നാലെ ഇടനിലക്കാരൻ വഴി ഈ പണം ബന്ധുവിന് കൈമാറിയെന്നുമാണ് ഒരു സ്വകാര്യ ചാനല്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

ശ്രീജിത്തിന്റെ ബന്ധുക്കളിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് സിഐയുടെ ഡ്രൈവർ പ്രദീപ് കുമാറിനെ ആലുവ റൂറൽ എസ്പി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തു.

കൈക്കൂലി ആരോപണം സംബന്ധിച്ച് ശ്രീജിത്തിന്റെ കുടുംബത്തില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തു. ആരോപണം തെളിഞ്ഞാല്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് അന്വേഷണ സംഘം പോകും.

അനുബന്ധ വാര്‍ത്തകള്‍

Next Article