സോളാര്‍ ഇടപാടില്‍ സരിത എസ് നായര്‍ വീണ്ടും മലക്കം മറിഞ്ഞു. സോളാര്‍ ഇടപാട് നടത്താന്‍
മന്ത്രിമാരോ ഉന്നത രാഷ്ട്രീയക്കാരോ തനിക്ക് പ്രേരണയോ സഹായമോ നല്‍കിയിട്ടില്ലെന്ന് സരിതാ നായര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനോട് വ്യക്തമാക്കി. ജസ്റ്റീസ് ജി ശിവരാജന്‍ കമ്മീഷന്‍ നല്‍കിയിരുന്ന പത്തോളം ചോദ്യങ്ങള്‍ക്ക് സരിത രേഖാമൂലം മറുപടി നല്‍കി.
തനിക്ക് രാഷ്ട്രീയക്കാരില്‍നിന്ന് പീഡനമേറ്റിട്ടില്ല. പല കെട്ടുകഥകളും പലരും പ്രചരിപ്പിച്ചിട്ടുണ്ട്. അതെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും സരിത പറഞ്ഞു. സോളാര്‍ ബിസിനസ്സുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തന്റെ കൈയില്‍ രേഖകള്‍ ഒന്നുമില്ലെന്ന് സരിത പറഞ്ഞു. കമ്പ്യൂട്ടറുകള്‍, സിഡികള്‍ രജിസ്റ്ററുകള്‍ തുടങ്ങിയവ ഹാജരാക്കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. അതൊക്കെ പോലീസ് നടത്തിയിട്ടുള്ള ക്രിമിനല്‍ കേസ് അന്വേഷണങ്ങളില്‍ പിടിച്ചു കൊണ്ടുപോയി. അതിനാല്‍ ഒരു രേഖയും ഹാജരാക്കാന്‍ തനിക്ക് ഇപ്പോള്‍ കഴിയില്ലെന്നും സരിത വ്യക്തമാക്കി.
സ്ഥാപനത്തിന്റെ അഞ്ച് കോടിയില്‍ അധികം രൂപ ബിജു രാധാകൃഷ്ണന്‍ തട്ടിയെടുത്തുവെന്ന് സരിത ആരോപിച്ചു. അദ്ദേഹം തന്നെ വഞ്ചിച്ചുവെന്നും തനിക്ക് ലഭിച്ചത് പതിനായിരത്തോളം രൂപ മാത്രമാണെന്നും സരിത പറഞ്ഞു.
മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് ജോപ്പന്‍, മുന്‍ ഗണ്‍മാന്‍ സലിംരാജ് എന്നിവരില്‍നിന്നും എന്തെങ്കിലും ആനുകൂല്യങ്ങള്‍ തനിക്ക് കിട്ടിയിട്ടില്ലെന്നും സരിത കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചു.