സോളാർ തട്ടിപ്പ് കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നിന്ന് തിരിച്ചടി നേരിടേണ്ടിവന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പിന്തുണച്ച് മുസ്ലിം ലീഗ് രംഗത്ത്. മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന കാര്യത്തില്‍ സംശയമില്ല. മറ്റുകാര്യങ്ങൾ കൂടിയാലോചനകൾക്കു ശേഷം വ്യക്തമാക്കാമെന്നും മുസ്ലിം ലീഗ് കൂട്ടിച്ചേർത്തു. ലീഗിന്റെ ഔദ്യോഗിക നേതൃയോഗം മാറ്റിവെച്ചതായും അനൗപചാരിക യോഗമാണ് നടക്കുന്നതെന്നും നേതാക്കൾ വ്യക്തമാക്കി.
അതേസമയം, തൃശൂര്‍ വിജിലന്‍സ് കോടതി വിധിക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. കേസിനെ നിയമപരമായി നേരിടുമെന്നു അദ്ദേഹം പറഞ്ഞു. മന്ത്രി ആര്യാടന്‍ മുഹമ്മദും അപ്പീല്‍ നല്‍കും. ഇരുവരും വ്യക്തിപരമായാണ് അപ്പീല്‍ നല്‍കുക. ബാര്‍ക്കോഴ കേസില്‍ കെ ബാബുവിനു വേണ്ടി ഹാജരായ എസ് ശ്രീകുമാര്‍ മുഖ്യമന്ത്രിക്കു വേണ്ടി ഹാജരാകും.