അബ്ദുള്ളക്കുട്ടിക്കെതിരെ മാനഭംഗക്കേസ് കൊടുത്തത് മുഖ്യമന്ത്രിയുടെ അറിവോടെ: സരിത

Webdunia
തിങ്കള്‍, 1 ഫെബ്രുവരി 2016 (14:38 IST)
തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് കണ്ണൂര് എംഎല്എ എപി അബ്ദുള്ളക്കുട്ടി മാനഭംഗപ്പെടുത്തിയെന്ന് ആരോപിച്ച് ഡിജിപിക്ക് പരാതി നല്‍കിയത് കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവിയുടെ നിര്‍ദേശ പ്രകാരമായിരുന്നുവെന്ന് സരിത എസ് നായര്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.

സോളാര്‍ കേസിന്റെ ഗതി തിരിച്ചു വിടാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു അബ്ദുള്ളക്കുട്ടിക്കെതിരെയുള്ള ആരോപണം. അബ്ദുള്ളക്കുട്ടിക്കെതിരെ മാനഭംഗപ്പെടുത്തിയെന്ന ആരോപണം ഉന്നയിക്കാന്‍ തമ്പാനൂര്‍ രവി ആവശ്യപ്പെടുകയായിരുന്നു. കെബി ഗണേഷ് കുമാറിന്റെ പിഎയുടെ ഫോണില്‍ വിളിച്ചായിരുന്നു ഈ ആവശ്യം ഉന്നയിച്ചതെന്നും സരിത വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് ഈ നിര്‍ദേശമെന്നും പരാതി കൊടുത്താല്‍ മാത്രം മതിയെന്നും ബാക്കിയെല്ലാം തങ്ങള്‍ നോക്കിക്കോളാമെന്നും തമ്പാനൂര്‍ രവി ഉറപ്പ് നല്‍കുകയായിരുന്നു. തുടര്‍ന്നാണ് അബ്ദുള്ളക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയത്. എന്നാല്‍, കേസ് കോണ്‍ഗ്രസിനെ ബാധിച്ചതോടെ പരാതിയില്‍ നിന്ന് പിന്‍വാങ്ങണമെന്ന് ബെന്നി ബഹന്നാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് സരിത ഇന്ന് വ്യക്തമാക്കിയത്.