സരിത സമൂഹത്തെ വിഡ്ഢിവേഷം കെട്ടിക്കുന്നു; അവര്‍ പറയുന്നത് കളവെങ്കില്‍ എന്തുകൊണ്ട് കേസെടുക്കുന്നില്ല- സര്‍ക്കാരിനെതിരെ വിജിലന്‍‌സ് കോടതി പൊട്ടിത്തെറിച്ചു

Webdunia
വെള്ളി, 5 ഫെബ്രുവരി 2016 (13:39 IST)
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ക്കെതിരെയും സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെയും തൃശൂര്‍ വിജിലന്‍‌സ് കോടതി. സരിത പറയുന്നത് കളവാണെങ്കില്‍ എന്തുകൊണ്ട് അവര്‍ക്കെതിരെ കേസ് നടപടികള്‍ സ്വീകരിക്കുന്നില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി സരിത സമൂഹത്തെ വിഡ്ഢിവേഷം കെട്ടിക്കുകയാണ്. പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്‌മനും തടുക്കാനാവില്ലെന്ന ചൊല്ലും കോടതി ഉദ്ധാരിച്ചു. വിജിലന്‍സ് കോടതി ജഡ്ജി എസ്എസ് വാസനാണ് രൂക്ഷവിമര്‍ശനം നടത്തിയത്.

സരിതയുടെ തട്ടിപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷമായി. നിയമവും ഭരണ സംവിധാനവുമുള്ള നാട്ടില്‍ ഇത് നടക്കുമ്പോള്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ നടപടി എടുക്കാതിരുന്നത്. സരിത പറയുന്നതൊന്നും ശരിയല്ലെങ്കില്‍ അവര്‍ പൊതു സമൂഹത്തെയാകെ കബളിപ്പിക്കുകയല്ലേ? അതിന് അവര്‍ക്കെതിരെ നടപടി എടുക്കേണ്ടതായിരുന്നില്ലേ. നിയമത്തിന്‍റെ അകത്തു നിന്നാണ് പോരാടേണ്ടത്. പുറത്ത്‌നിന്ന് യുദ്ധം ചെയ്താല്‍ നിയമം പുലര്‍ന്നുവെന്ന് വരില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാദമായ ഉത്തരവുകള്‍ക്ക് ശേഷം തൃശൂര്‍ വിജിലന്‍സ് കോടതി വീണ്ടും ശ്രദ്ധേയമായ നിരീക്ഷണം നടത്തിയിരിക്കുകയാണ്.

സരിതയ്ക്കും ഇപി ജയരാജനുമെതിരെ കോണ്‍ഗ്രസ് അഭിഭാഷക സംഘടന ല്‍കിയ പരാതി പരിഗണിക്കവെയാണ് കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. സംഘടനയ്ക്ക് വേണ്ടി അഡ്വ. ശ്യാം കുമാറാണ് കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതി ഫയലില്‍ സ്വീകരിച്ച കോടതി വിശദമായ വാദത്തിനായി കേസ് എട്ടാം തീയതിയിലേക്ക് മാറ്റി.