കേന്ദ്രമന്ത്രി സ്ഥാനവും കമ്മീഷനുകളില്‍ സ്ഥാനവും ചോദിക്കും; വെള്ളാപ്പള്ളി പ്രധാനമന്ത്രിയെ ഉച്ചയ്ക്കു ശേഷം കാണും

Webdunia
വ്യാഴം, 1 ഒക്‌ടോബര്‍ 2015 (10:20 IST)
എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്കു ശേഷമായിരിക്കും കൂടിക്കാഴ്ച. അതേസമയം, ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൂടിക്കാഴ്ചയില്‍ പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
 
ആര്‍ ശങ്കറിന്റെ പ്രതിമ അനാച്‌ഛാദന ചടങ്ങിന് പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതിനാണ് വെള്ളാപ്പള്ളി നടേശന്‍ പ്രധാനമന്ത്രിയെ കാണുന്നതെന്നാണ് എസ് എന്‍ ഡി പി നല്കുന്ന വിശദീകരണം. എന്നാല്‍, ഇന്നത്തെ കൂടിക്കാഴ്ചയില്‍ എസ് എന്‍ ഡി പി ചില രാഷ്‌ട്രീയ നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
അതില്‍ പ്രധാനപ്പെട്ടത്, എസ് എന്‍ ഡി പി ഒരു കേന്ദ്രമന്ത്രിസ്ഥാനം ആ‍വശ്യപ്പെട്ടിട്ടുണ്ട് എന്നതാണ്. നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് മന്ത്രിസ്ഥാനം വേണമെന്നാണ് എസ് എന്‍ ഡി പിയുടെ ആവശ്യം. കൂടാതെ, കേന്ദ്ര കമ്മീഷനുകളിലും കോര്‍പ്പറേഷനുകളിലും സ്ഥാനങ്ങള്‍ വേണമെന്നും എസ് എന്‍ ഡി പി പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. ആര്‍ എസ് എസിന്റെയും വി എച്ച് പിയുടെയും പിന്തുണ എസ് എന്‍ ഡി പിക്ക് ഉണ്ട്.
 
പിന്നോക്കവിഭാഗങ്ങള്‍ക്കുള്ള പാക്കേജ്, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വീട് വെച്ച് നടക്കാന്‍ ധനസഹായം തുടങ്ങി നിരവധി കാര്യങ്ങള്‍ എസ് എന്‍ ഡി പി പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യും. ഇക്കാര്യങ്ങളില്‍ ഉറപ്പു ലഭിക്കുകയാണെങ്കില്‍ ബി ജെ പിയുമായി എസ് എന്‍ ഡി പി സഹകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
എസ് എന്‍ ഡി പി ഒരു പാര്‍ട്ടി രൂപീകരിച്ചായിരിക്കും ബി ജെ പിയുമായി സഹകരിക്കുക. എന്നാല്‍, ബി ജെ പിയില്‍ എസ് എന്‍ ഡി പി ലയിക്കില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയില്‍ നിന്ന് കിട്ടുന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും എസ് എന്‍ ഡി പിയുടെ മുന്നോട്ടുള്ള യാത്ര. അതേസമയം, എസ് എന്‍ ഡി പിയുടെ കാര്യത്തില്‍ സംസ്ഥാനത്തെ ബി ജെ പി നേതാക്കള്‍ക്ക് ഇടയില്‍ വ്യത്യസ്ത സ്വരങ്ങളാണ്.