ബിജെപി- എസ്എന്‍ഡിപി സഖ്യം വര്‍ഗീയ വല്‍ക്കരണത്തിന്റെ തുടക്കം: പിപി തങ്കച്ചന്‍

Webdunia
ബുധന്‍, 7 ഒക്‌ടോബര്‍ 2015 (14:18 IST)
തദ്ദേശ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യോഗവുമായി സഖ്യമില്ലെന്നു യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍. ബിജെപി - എസ്എന്‍ഡിപി യോഗം സഖ്യം വര്‍ഗീയ വല്‍ക്കരണത്തിന്റെ തുടക്കമാണ്. ബിജെപിയോടു കൂട്ടുകൂടിയുള്ള വെള്ളാപ്പള്ളിയോട് മൃദുസമീപനം വിട്ടു ശക്തമായി എതിര്‍ക്കാന്‍ യുഡിഎഫ് തീരുമാനിച്ചതായും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍എസ്‌പിയും ജെഡിയുവും ഒഴികെയുള്ള കക്ഷികള്‍ കഴിഞ്ഞ തവണത്തെ സീറ്റിലൊതുങ്ങേണ്ടി വരും. ഇതു സംബന്ധിച്ച കാര്യങ്ങളില്‍ ചര്‍ച്ച നടത്തേണ്ടതുണ്ട്. ഇന്ന് വൈകിട്ട് ചേരുന്ന യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും പിപി തങ്കച്ചന്‍ പറഞ്ഞു.

അതേസമയം, സീറ്റ് വിഭജന പ്രശ്‌നം യുഡിഎഫില്‍ കീറാമുട്ടിയായി തുടരുകയാണ്. ജെഡിയുവും കേരളാ കോണ്‍ഗ്രസും തുടക്കത്തില്‍ തന്നെ ഉടക്ക് ഇടുകയാണ്. കൂടുതല്‍ സീറ്റ് കിട്ടിയേ തീരുവെന്നാണു ഇരു കൂട്ടരും ആവശ്യപ്പെടുന്നത്.
ഇടുക്കിയിലടക്കം കഴിഞ്ഞ തവണ അര്‍ഹമായ സീറ്റ് കിട്ടിയില്ലെന്നാണു കേരള കോണ്‍ഗ്രസ് അഭിപ്രായം. കൂടുതല്‍ സീറ്റ് ചോദിക്കുന്ന ജെഡിയു എല്ലാ ജില്ലാ പഞ്ചായത്തിലും സീറ്റ് വേണമെന്നും ആവശ്യപ്പെടുന്നു.