സ്മൃതി ഇറാനിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

Webdunia
ശനി, 8 ഓഗസ്റ്റ് 2015 (12:15 IST)
കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. ബി ജെ പി സംഘടിപ്പിക്കുന്ന രക്ഷാബന്ധന്‍ ഉത്സവത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ആണ് മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് എം പിമാര്‍ക്ക് എതിരെ കൈക്കൊണ്ട നടപടിയില്‍ പ്രതിഷേധിച്ചു കൊണ്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചത്.
 
അതേസമയം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചത് തടയാന്‍ പൊലീസ് ഇടപെട്ടില്ലെന്ന് ബി ജെ പി പ്രവര്‍ത്തകര്‍ ആരോപിച്ചു. മന്ത്രി വിമാനത്താവളത്തില്‍ എത്തുന്നതിനു മുമ്പു തന്നെ മന്ത്രിയെ സ്വീകരിക്കുന്നതിനായി ബി ജെ പി നേതാക്കള്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കണ്ട ബി ജെ പി പ്രവര്‍ത്തകര്‍ ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പൊലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയാനോ പിടിച്ചു മാറ്റാനോ തയ്യാറായില്ലെന്ന് ബി ജെ പി നേതാക്കള്‍ ആരോപിച്ചു.
 
പൊലീസുകാരും മാധ്യമപ്രവര്‍ത്തകരും നിലയുറപ്പിച്ചിരുന്ന ഭാഗത്ത് തന്നെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നിന്നിരുന്നത്. എന്നാല്‍, ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ല. മന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനത്തില്‍ കൈ കൊണ്ടടിക്കുകയും ചെയ്തു.