ശിവാലയം ഒരു ദിവസം കൊണ്ട് എത്ര കിലോമീറ്ററാണ് ഓടുന്നതെന്നറിയാമോ

എ കെ ജെ അയ്യര്‍

വെള്ളി, 17 ഫെബ്രുവരി 2023 (10:00 IST)
കന്യാകുമാരി: ശിവരാത്രി പ്രമാണിച്ചു പുണ്യം തേടി നടത്തുന്ന ശിവാലയ ഓട്ടത്തിന് ഇന്ന് തുടക്കമാവും. കന്യാകുമാരി ജില്ലയിലെ പന്ത്രണ്ടു ശിവാലയങ്ങളിൽ വ്രതനിഷ്ഠയോടെ ഒരു ദിവസം കൊണ്ട് ഓടിയെത്തി ദർശനം നടത്തുന്നതാണ് ഇതിന്റെ ചിട്ട.

പ്രസിദ്ധമായ മുഞ്ചിറയിലെ ശിവക്ഷേത്രത്തിൽ നിന്ന് വൈകിട്ട് സന്ധ്യാ ദീപാരാധനയോടെ തുടങ്ങുന്ന ഓട്ടം തിക്കുറിശി, തൃപ്പരപ്പ്, തിരുനന്ദിക്കര എന്നീ ക്ഷേത്രങ്ങളിൽ ദർശനം നടത്തും. തുടർന്ന് പൊന്മന, പന്നിപ്പാകം, കാൽക്കുളം, മേലാങ്കോട്, തിരിവിടേയ്ക്കോട് ക്ഷേത്രങ്ങളിലെത്തും. അവിടെ നിന്ന് തിരുവിതാംകോട്, തൃപ്പന്നിക്കോട് വഴി തിരുനട്ടാലം ക്ഷേത്രത്തിലെത്തി ഓട്ടം അവസാനിപ്പിക്കും.

ഭക്തർ കാൽനടയായി നടത്തുന്ന ഈ ഓട്ടം ഒരു രാത്രിയും ഒരു പകലും ചേർന്നുള്ള ഒരു ദിവസം കൊണ്ട് ഏകദേശം നൂറ്റിപ്പത്ത് കിലോമീറ്റർ ദൂരം ഓടിയെത്തും. ശിവരാത്രി ദിവസമായ ശനിയാഴ്ച രാവിലെ തുറക്കുന്ന ശിവക്ഷേത്രങ്ങൾ രാത്രി അടയ്ക്കാറില്ല.

ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഭക്തർ ക്ഷേത്രത്തിൽ കൂവളത്തില / മാല സമർപ്പിക്കും. ഇതിനൊപ്പം ഉപവാസം, ഉറക്കമിളയ്ക്കൽ എന്നിവയും ആചരിക്കും. ഇതിനൊപ്പം പൊതുവെ ശിവക്ഷേത്രങ്ങളിൽ മഹാദേവന്റെ ഉഷ്ണം ശമിപ്പിക്കാനായുള്ള ധാരയും ഓരോ യാമത്തിനും പ്രത്യേക പൂജയും ഉണ്ടായിരിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍