കേന്ദ്രത്തില്‍ ഭരണമാറ്റത്തിനു സാധ്യത; ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന നിലപാട് മാറ്റി കോണ്‍ഗ്രസ് എംപിമാര്‍, ലക്ഷ്യം കേന്ദ്രമന്ത്രി സ്ഥാനം

Webdunia
ചൊവ്വ, 26 സെപ്‌റ്റംബര്‍ 2023 (07:23 IST)
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാട് മാറ്റി കോണ്‍ഗ്രസിന്റെ സിറ്റിങ് എംപിമാര്‍. 2024 ല്‍ കേന്ദ്രത്തില്‍ ഭരണമാറ്റത്തിനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സിറ്റിങ് എംപിമാര്‍ ലോക്‌സഭാ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് പുനര്‍വിചിന്തനം നടത്തുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ 'ഇന്ത്യ' മുന്നണി അധികാരത്തിലെത്തിയാല്‍ കേരളത്തില്‍ നിന്ന് ഒന്നോ രണ്ടോ കേന്ദ്രമന്ത്രിമാര്‍ ഉണ്ടാകുമെന്നാണ് സിറ്റിങ് എംപിമാരുടെ പ്രതീക്ഷ. അങ്ങനെയെങ്കില്‍ ലോക്‌സഭയിലേക്ക് വീണ്ടും മത്സരിക്കുകയാണ് നല്ലതെന്ന് പലരും കരുതുന്നു. 
 
പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം കൂടുതല്‍ കരുത്താര്‍ജ്ജിച്ചിരിക്കുകയാണ്. ഇത് ഭരണ മാറ്റത്തിന്റെ സൂചന നല്‍കുന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കേരളത്തില്‍ നിന്ന് ഉറപ്പായും രണ്ട് കേന്ദ്രമന്ത്രിമാര്‍ക്ക് സാധ്യതയുണ്ട്. ഈ കേന്ദ്രമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് പലരും ലോക്‌സഭയിലേക്ക് വീണ്ടും മത്സരിക്കാമെന്ന നിലപാടിലേക്ക് എത്തിയത്. 
 
സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഇനി ലോക്‌സഭയിലേക്ക് ഇല്ലെന്ന് നിലപാടെടുത്ത ശശി തരൂരാണ് ആദ്യം മനംമാറ്റിയത്. തിരുവനന്തപുരത്ത് നിന്ന് വീണ്ടും മത്സരിക്കാന്‍ തരൂര്‍ ഇപ്പോള്‍ തയ്യാറാണ്. ടി.എന്‍.പ്രതാപന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, ഡീന്‍ കുര്യാക്കോസ്, കെ.മുരളീധരന്‍ തുടങ്ങിയ സിറ്റിങ് എംപിമാരെല്ലാം 2024 ലും ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ തയ്യാറാണ്. സിറ്റിങ് എംപിമാര്‍ മത്സരിക്കണമെന്ന് തന്നെയാണ് എഐസിസിയുടെ നിലപാട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article