സിസ്‌‌റ്റര്‍ അമലയുടെ കൊലപാതകം: കൃത്യമായ സൂചനകൾ ലഭിച്ചു- എഡിജിപി

Webdunia
ശനി, 19 സെപ്‌റ്റംബര്‍ 2015 (12:38 IST)
പാലാ ലിസ്യു മഠത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് സിസ്റ്റർ അമലയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് എഡിജിപി കെ പത്മകുമാര്‍. ശരിയായ രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികയെക്കുറിച്ച് കൃത്യമായ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും എഡിജിപി പറഞ്ഞു.

കോട്ടയം ജില്ലാ പൊലീസ് മേധാവി എസ്. സതീഷ് ബിനോയുടെ മേൽനോട്ടത്തിൽ മൂന്നു സംഘങ്ങൾ ഈ മൂന്നു പേരെ തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു തിരിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസിന്റെ അന്വേഷണം മൂന്നു പേരിലേക്കാണ് നീളുന്നത്. പാലായിലും പരിസരത്തും താമസിക്കുന്നവരാണ് ഇവരെങ്കിലും മൂന്നുപേരും ഇപ്പോൾ പാലാ മേഖലയിൽ ഇല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അതേസമയം, സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയതെന്ന് താനാണെന്ന് ഏറ്റുപറഞ്ഞ് ഒരാള്‍ മാഹി പൊലീസില്‍ കീഴടങ്ങിയെങ്കിലും ഇയാള്‍ കൊലപാതകത്തില്‍ പങ്കില്ലെന്ന് വ്യക്തമായി. കോട്ടയം സ്വദേശി നാസര്‍ ആണ് കീഴടങ്ങിയത്. ഇയാള്‍ക്ക് മാനസിക പ്രശ്നമുള്ളതായി പൊലീസ് സംശയിക്കുന്നു. കൂടാതെ മദ്യപിച്ച് ലക്കുകെട്ട് മാഹി പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ എത്തിയതെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. പാലാ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സിസ്റ്റർ അമലയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നത്.

സിസ്റ്റര്‍ അമല കൊല്ലപ്പെട്ട അന്ന് രാത്രി 11.30 അജ്ഞാതനായ ഒരാള്‍ കോണ്‍‌വെന്‍റിന്‍റെ ടെറസിന് മുകളില്‍ നില്‍ക്കുന്നത് കണ്ടതായി കോണ്‍‌വെന്‍റിലെ അന്തേവാസിയായ ജൂലിയ വെളിപ്പെടുത്തിയിട്ടുണ്ട്. മഠത്തിന്‍റെ താഴത്തെ നിലയിലെ ഗ്രില്ല് തകര്‍ന്ന നിലയിലായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. വിരലടയാള വിദഗ്ധരുടെ സംഘവും മഠത്തിനുപുറത്തുനിന്നുള്ള ഒരാളുടെ വിരലടയാളം സിസ്റ്റര്‍ മരിച്ചുകിടന്ന മുറിയുടെ വാതിലില്‍ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് മഠത്തിലെ അന്തേവാസികളുടെ മൊഴിയെടുത്തിട്ടുണ്ട്.

മോഷണശ്രമത്തിനിടെയുള്ള കൊലപാതകമാകാം എന്ന് പൊലീസ് ഊഹിക്കുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. വെറും 500 രൂപ മാത്രമാണ് മഠത്തില്‍ നിന്ന് കാണാതായിരിക്കുന്നത് എന്നത് സംശയങ്ങള്‍ സൃഷ്ടിക്കുകയാണ്. എന്നാല്‍ 500 രൂപ കാണാതായിരിക്കുന്നത് കോണ്‍‌വെന്‍റിന്‍റെ രണ്ടാം നിലയിലെ ഒരു മുറിയില്‍ നിന്നാണ്. സിസ്റ്റര്‍ അമല താമസിക്കുന്നതാകട്ടെ മൂന്നാം നിലയിലെ മുറിയിലും. അതുകൊണ്ടുതന്നെ, അമലയുടെ മരണം മോഷണശ്രമത്തിനിടെയുണ്ടായതാണെന്ന നിഗമനം പൂര്‍ണമായും ശരിവയ്ക്കാനാവില്ല. സിസ്റ്റര്‍ അമലയുടെ നിലവിളിയോ മറ്റ് ശബ്ദങ്ങളോ അടുത്തുള്ള മുറികളില്‍ ഉണ്ടായിരുന്നവര്‍ പോലും കേള്‍ക്കാതിരുന്നതിന്‍റെ കാരണവും കണ്ടെത്തേണ്ടതുണ്ട്.

മറ്റൊരു പ്രധാനപ്പെട്ട വിവരം, സിസ്റ്റര്‍ അമല കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് സമാനമായ രീതിയില്‍ തന്നെ മഠത്തിലെ മറ്റൊരു കന്യാസ്ത്രീക്ക് നേരെ ആക്രമണമുണ്ടായി എന്നതാണ്. 72 വയസ്സുള്ള കന്യാസ്ത്രീയുടെ തലയ്ക്കാണ് ആക്രമണത്തില്‍ മുറിവേറ്റത്. രാത്രി ഉറങ്ങുമ്പോഴാണ് ഇവര്‍ക്കുനേരെ ആക്രമണമുണ്ടായതെന്നാണ് സൂചന. എന്നാല്‍, എങ്ങനെ മുറിവുണ്ടായി എന്ന് തനിക്ക് ഓര്‍മ്മയില്ലെന്നാണ് കന്യാസ്ത്രീ പറയുന്നത്. ഈ കന്യാസ്ത്രീയുടെ മുറിയിലെ തലയിണയില്‍ രക്തപ്പാടുകള്‍ പൊലീസ് കണ്ടെത്തി. കന്യാസ്ത്രീക്ക് ഓര്‍മ്മക്കുറവുള്ളതിനാല്‍ മറ്റുള്ളവരില്‍ നിന്ന് ഈ സംഭവത്തിന്‍റെ നിജസ്ഥിതി കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കേറ്റ പ്രഹരമാണ് സിസ്റ്റര്‍ അമലയുടെ മരണകാരണം.