മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാകുന്നു. പ്രസിഡന്റ് മോഹന്‍ലാലിനെ അനുകൂലിക്കുന്നവരും സിദ്ദിഖിനൊപ്പം നില്‍ക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലാണ് സംഘടനയ്‌ക്കുള്ളില്‍ ഇപ്പോള്‍ നടക്കുന്നത്.
കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ ദിലീപിനൊപ്പം നില്‍ക്കുന്ന വ്യക്തിയാണ് സിദ്ദിഖ്. ഇരുവരും അമ്മയില്‍ പിടിമുറ്ക്കുന്നതിന്റെ ആദ്യ സൂചനയാണ് സിദ്ദിഖിലൂടെ നടക്കുന്നത്. ഡബ്ല്യുസിസിയും അമ്മയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഗുരുതരമാക്കി നിര്‍ത്തി മോഹന്‍ലാലിനെ പ്രസിഡന്റ് സ്ഥാനത്തു നിന്നും താഴെ ഇറക്കി സംഘടന പിടിച്ചെടുക്കാന്‍ സിദ്ദിഖ് ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഡബ്ല്യുസിസിയെ ഒപ്പം നിര്‍ത്താനാണ് മോഹന്‍ലാല്‍ ശ്രമിക്കുന്നത്. ഇതിന്റെ സൂചനയാണ് അമ്മ പ്രസിഡന്റിന്റെ അറിവോടെ ട്രഷറര്‍ ജഗദീഷ് തയ്യാറാക്കി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമായിരുന്നത്. എന്നാല്‍, ജഗദീഷിന്റെ ഈ നീക്കത്തെ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്ത് സിദ്ദിക്കും കെപിഎസി ലളിതയും അട്ടിമറിച്ചു. ഇതോടെ ജനവികാരം മോഹന്‍ലാലിന് എതിരാകുകയും ചെയ്‌തു.
അമ്മ - ഡബ്ല്യുസിസി തര്‍ക്കം സിദ്ദിഖിന്റെ ഇടപെടലോടെ ഇല്ലാതായെന്ന വിലയിരുത്തലാണ് മോഹന്‍ലാലിനുള്ളത്. അമ്മ അംഗങ്ങളുടെ വാട്‌സ്ആപ് ഗ്രൂപ്പിലൂടെ ജഗദീഷും ബാബുരാജും കഴിഞ്ഞ ദിവസം നടത്തിയ ശബ്ദ സന്ദേശങ്ങളില്‍ ഇത് വ്യക്തമാണ്. ഇരുവരും മോഹന്‍ലാലിനെ അനുകൂലിക്കുകയും സിദ്ദിഖിനെ തള്ളിപ്പറയുന്ന നിലപാടുമാണ് സ്വീകരിച്ചിരുന്നത്.
ജഗദീഷ് നല്‍കിയ ഔദ്യോഗിക വിശദീകരണത്തെ തള്ളിപ്പറഞ്ഞ സിദ്ദിഖ് മാധ്യമങ്ങളെ കണ്ടപ്പോള്‍ എക്‌സിക്യുട്ടീവ് അംഗം പോലും അല്ലാത്ത കെപിഎസി ലളിതയെ ഒപ്പം കൂട്ടിയത് എന്തിനെന്നും മോഹന്‍ലാല്‍ പക്ഷം ചോദിക്കുന്നു.