ശ്യാമപ്രസാദ് വധം സിപിഐഎമ്മിന്റെ പിടലിക്ക് വച്ച് കെ സുരേന്ദ്രൻ

ഞായര്‍, 21 ജനുവരി 2018 (11:56 IST)
കണ്ണൂരിൽ എബിവിപി പ്രവര്‍ത്തകനായിരുന്ന ശ്യാമപ്രസാദിന്റെ കൊലപാതകവും സിപിഐഎമ്മിന്റെ തലയിൽ വെക്കുകയാണ് കെ സുരേന്ദ്രൻ. സംഭവത്തിൽ നാല് എസ് ഡി പി ഐ പ്രവർത്ത‌കരെ പൊലീസ് പിടികൂടിയ സാഹചര്യത്തിലും കൊലപാതകം സിപിഎമ്മിന്റെ തലയിൽ കെട്ടിവെയ്ക്കാനുള്ള സുരേന്ദ്രന്റെ നിലപാട് സോഷ്യൽ മീഡിയയിൽ പ്രകോപനത്തിന് ഇടയാക്കിയിട്ടുണ്ട്. 
 
ശ്യാമപ്രസാദ് കൊലപാതകത്തില്‍ ജിഹാദികളും സി. പി. എമ്മും കൂട്ടുപ്രതികളാണെന്ന് കെ. സുരേന്ദ്രന്‍. കണ്ണവം മേഖലയില്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പുമുതല്‍ സി പി എമ്മും എസ്ഡിപിഐയും ധാരണയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദേഹം ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. 
 
ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
ശ്യാമപ്രസാദ് കൊലപാതകത്തില്‍ ജിഹാദികളും സി. പി. എമ്മും കൂട്ടുപ്രതികളാണ്. കണ്ണവം മേഖലയില്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പുമുതല്‍ സി. പി. എമ്മും എസ്. ഡി. പി. ഐയും ധാരണയിലാണ് പ്രവര്‍ത്തിക്കുന്നത്. ചില വാര്‍ഡുകളില്‍ രണ്ടു പാര്‍ട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നത് ഒരേ പ്രവര്‍ത്തകര്‍ തന്നെയാണ്. നിരവധി അക്രമങ്ങള്‍ അവിടെ നടന്നിട്ടും സി. പി. എമ്മും പോലീസും അവരെ സഹായിക്കുന്ന നിലപാടാണ് എടുത്തത്. തികച്ചും മതസൗഹാര്‍ദ്ദത്തോടെ അവിടെ നടന്നുവന്നിരുന്ന ഒരു പള്ളി ഉറൂസിന്റെ നിയന്ത്രണം ഇത്തവണ സി. പി. എമ്മും എസ്. ഡി. പി. ഐയും ചേര്‍ന്ന് അവരുടെ നിയന്ത്രണത്തിലാക്കിയതും പ്രദേശത്ത് വലിയ ചര്‍ച്ചയായിരുന്നു. ഉറൂസിനു വന്ന ചില അന്യമതസ്ഥരെ ഇക്കൂട്ടര്‍ അക്രമിക്കുകയുമുണ്ടായി. വിശ്വാസികള്‍ക്കിടയിലും സി. പി. എമ്മിനകത്തും ഇത് പ്രതിഷേധത്തിനു കാരണമായിരുന്നു. ഈ കൊലപാതകത്തിലും സി. പി. എം സഹായം അവര്‍ക്കു ലഭിച്ചിട്ടുണ്ട്. ജിഹാദി ചുവപ്പു ഭീകരര്‍ ഒന്നിക്കുന്നതിനെതിരായി സി. പി. എമ്മിലെ മതനിരപേക്ഷചിന്താഗതിക്കാര്‍ നിലപാടെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍