മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബിനെ വധിച്ച കേസിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്.
കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് പ്രതികള്‍ ശുഹൈബിനെ ആക്രമിച്ചത്. കേസിൽ ആകെ നാലു പ്രതികളാണുള്ളത്. ഇവരെല്ലാവരും സിപിഎം പ്രവർത്തകരാണെന്നും മട്ടന്നൂർ ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എടയന്നൂർ സ്കൂളിൽ എസ്എഫ്ഐയും കെഎസ്‌യുവും തമ്മിലുണ്ടായ സംഘർഷത്തില്‍ ശുഹൈബ് ഇടപെട്ടത് പ്രകോപനം ഉണ്ടാക്കുകയും തുടര്‍ന്ന് കൊലയ്‌ക്ക് പ്രേരിപ്പിക്കുകയയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
“ ചായക്കടയില്‍ ഇരിക്കുകയായിരുന്ന ശുഹൈബിനെയും മറ്റ് മൂന്നു സുഹൃത്തുക്കളേയും നമ്പര്‍ പതിക്കാത്ത വെളുത്ത നിറത്തിലുള്ള കാറില്‍ വന്ന സിപിഎം പ്രവര്‍ത്തകരായ നാല് പ്രതികള്‍ വാള്‍, ബോംബ് എന്നിവയുമായി വന്ന് തടഞ്ഞ് വെച്ച് ബോംബ് എറിയുകയും വാള് കൊണ്ട് ഷുഹൈബ് എന്നയാളെ വെട്ടിക്കൊല്ലുകയും തടയാന്‍ ചെന്ന മറ്റുള്ളവരെ ബോംബെറിഞ്ഞ് വെട്ടിക്കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ പരിക്കേല്‍ല്‍പ്പിക്കുകയും ചെയ്തു”- എന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കേസിലെ രണ്ടു പ്രതികൾ ഒളിവിലാണ്. ഇവരെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. അറസ്റ്റിലായ തില്ലങ്കേരി വഞ്ഞേരിയിലെ എംപി ആകാശ്, കരുവള്ളിയിലെ റിജിൻ രാജ് എന്നിവരെ അറസ്റ്റ് ചെയ്തത് മാലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.