മതവികാരം വ്രണപ്പെടുത്തിയെന്ന പേരിൽ കേസ് രജിസ്റ്റർ ചെയ്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി പ്രിയ പി വാര്യർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും.
ഹർജിയിൽ അടിയന്തരവാദം കേൾക്കണമെന്ന പ്രിയയുടെ അഭിഭാഷകൻ ഹാരിസ് ബീരാന്റെ ആവശ്യം ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
പ്രവാചകനെയും പത്നി ഖദീജയെയും അവരുടെ അനശ്വര പ്രണയത്തെയും വാഴ്ത്തുന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ഹാരിസ് ബീരാന്റെ നിലപാട്.
ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ് എന്ന സിനിമയിലെ “മാണിക്യ മലരായ പൂവി” എന്നു തുടങ്ങുന്ന ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ തെലുങ്കാനയിലും മഹാരാഷ്ട്രയിലും രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രിയയും ഒമർ ലുലുവും കോടതിയെ സമീപിച്ചിട്ടുള്ളത്.
ഗാനം മതവികാരം വ്രണപ്പെടുത്തുന്നെന്നാരോപിച്ച് ഒരു കൂട്ടം യുവാക്കളാണ് ഹൈദരാബാദ് ഫലാക്ക്നുമാ പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചു ജന്‍ജാഗരൻ സമിതി എന്ന സംഘടനയും പരാതി നൽകിയിരുന്നു.