അമല്‍ ജ്യോതി കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു; ഹോസ്റ്റലില്‍ നിന്ന് ഇറങ്ങില്ലെന്ന് വിദ്യാര്‍ഥികള്‍

Webdunia
ചൊവ്വ, 6 ജൂണ്‍ 2023 (12:59 IST)
ശ്രദ്ധ സന്തോഷിന്റെ ആത്മഹത്യയില്‍ അമല്‍ ജ്യോതി കോളേജ് മാനേജ്‌മെന്റിനെതിരായ വിദ്യാര്‍ഥി പ്രതിഷേധം തുടരുന്നു. ഫുഡ് ടെക്‌നോളജി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ ശ്രദ്ധയുടെ മരണത്തില്‍ മാനേജ്‌മെന്റിന് ഉത്തരവാദിത്തമുണ്ടെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. പ്രതിഷേധങ്ങളെ തുടര്‍ന്ന് കാഞ്ഞിരപ്പിള്ളിയിലെ അമല്‍ ജ്യോതി കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചു. എന്നാല്‍ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങില്ലെന്ന് വിദ്യാര്‍ഥികള്‍ നിലപാടെടുത്തു. 
 
അധ്യാപകരില്‍ നിന്നും മാനേജ്‌മെന്റിലെ ഉന്നതരില്‍ നിന്നും മോശം അനുഭവങ്ങള്‍ നേരിട്ടതിനെ തുടര്‍ന്നാണ് ശ്രദ്ധ ആത്മഹത്യ ചെയ്തതെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. കോളേജ് അനിശ്ചിതകാലത്തേക്ക് അടയ്ക്കുകയാണെന്നും വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ വിടണമെന്നും മാനേജ്‌മെന്റ് ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ഥികള്‍ തയ്യാറായില്ല. ക്യാംപസില്‍ സമരം തുടരുമെന്ന് എസ്.എഫ്.ഐ. അറിയിച്ചു. 
 
വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്താമെന്ന് മാനേജ്‌മെന്റ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ വിടാന്‍ തയ്യാറാകാത്തതിനാല്‍ ചര്‍ച്ച ഇപ്പോള്‍ വേണ്ട എന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. ശ്രദ്ധയ്ക്ക് നീതി ലഭിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് അമല്‍ ജ്യോതിയിലെ വിദ്യാര്‍ഥികള്‍ അറിയിച്ചു. 
 
ഹോസ്റ്റല്‍ വാര്‍ഡനെയും ഫുഡ് ടെക്‌നോളജി വിഭാഗം തലവനെയും തല്‍സ്ഥാനത്തു നിന്ന് നീക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ജൂണ്‍ രണ്ടിനാണ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ ശ്രദ്ധയെ കണ്ടെത്തിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article