500 രൂപ കൂലി നടപ്പാക്കിയാല്‍ തോട്ടം മേഖല നിശ്ചലമാകുമെന്ന് ഷിബു ബേബി ജോണ്‍

Webdunia
ചൊവ്വ, 15 സെപ്‌റ്റംബര്‍ 2015 (12:12 IST)
സംസ്ഥാനത്തെ തേയില തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് 500 രൂപ കൂലി നടപ്പാക്കിയാല്‍ തോട്ടം മേഖല നിശ്ചലമാകുമെന്ന് തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
കയ്യടിക്ക് വേണ്ടി 500 രൂപ പ്രഖ്യാപിക്കാം. എന്നാല്‍, തോട്ടം മേഖല നിശ്ചലമായാല്‍ തൊഴിലാളികള്‍ കഷ്‌ടപ്പെടും. ട്രേഡ് യൂണിയനുകളെ അടച്ച് ആക്ഷേപിക്കുന്നത് അരാജകത്വം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
 
അതേസമയം, മന്ത്രിക്കസേരയില്‍ ഇരിക്കുന്നതിന് തനിക്ക് അര്‍ഹതയുണ്ടോ എന്ന് തൊഴിലാളികളോട് ചോദിക്കാമെന്നും തൊഴിലാളികള്‍ക്ക് താല്പര്യമില്ലെങ്കില്‍ മന്ത്രിക്കസേരയില്‍ ഇരുന്നിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. 
 
വി എസിന് കേരളത്തില്‍ ഒരു സ്ഥാനമുണ്ട്. പ്രതിപക്ഷനേതാവാണെന്ന് കരുതി എന്തും പറയാമെന്ന് വി എസ് കരുതരുതെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.
 
അതേസമയം, പ്രസ്ഥാവന വിവാദമായതോടെ വിശദീകരണവുമായി ഷിബുബേബി ജോണ്‍ രംഗത്തുവന്നു. തൊഴിലാളികള്‍ക്ക് പരമാവധി വേതനം നല്‍കണമെന്ന് തന്നെയാണ് ആഗ്രഹമെന്നും 500 രൂപ നല്‍കാനാകില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.